ദുബൈ: ഇന്ത്യൻ തൊഴിൽ വിസ യുഎഇ നിർത്തലാക്കിയെന്ന തരത്തിൽ കഴിഞ്ഞദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കമ്പനികൾ ഇന്ത്യക്കാർക്ക് വിസയ്ക്ക് അപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്ന പോപ് അപ്പ് സന്ദേശമാണ് ഇതിന് ഇടയാക്കിയത്. ജീവനക്കാരെ നിയമിക്കുമ്പോൾ ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്ന സന്ദേശമാണ് ലഭിക്കുന്നത്.
തൊഴിലിടങ്ങളിലെ വൈവിധ്യം വളർത്തിയെടുക്കുന്നതിനായി വിവിധ രാജ്യക്കാർക്ക് വിസ ക്വാട്ടയുടെ 20 ശതമാനം അനുവദിക്കണമെന്നാണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം നിഷ്‌കർഷിച്ചിരിക്കുന്നത്. 20 ശതമാനം വൈവിധ്യം കൈവരിച്ചാൽ കമ്പനികൾക്ക് ഏത് രാജ്യത്തുനിന്നും വ്യക്തികളെ നിയമിക്കാം. ഇത് പാലിക്കാത്ത കമ്പനികൾക്കാണ് വീണ്ടും അതേ രാജ്യക്കാർക്ക് വിസ അപേക്ഷിക്കുമ്പോൾ നിരസിക്കപ്പെടുന്നത്.
ഇത് ഇന്ത്യക്കാർക്ക് മാത്രം ബാധകമായ നിയമമല്ല. ഒരു കമ്പനിയിലോ സ്ഥാപനത്തിലോ ജോലിക്ക് ആളുകളെ നിയമിക്കുമ്പോൾ പാലിക്കേണ്ട നിയമമാണിത്. ഏതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രമായി ഒരു സ്ഥാപനത്തിൽ കേന്ദ്രീകരിക്കുന്നത് തടയുന്നതിനാണ് നിബന്ധന ഏർപ്പെടുത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഫ്രീസോൺ കമ്പനികൾ, വീട്ടുജോലിക്കാർ, നിക്ഷേപകർ, പങ്കാളി വിസ എന്നീ വിസകൾക്ക് ഈ നിബന്ധന ബാധകമല്ല. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസ ലഭിക്കാൻ യുഎഇയിലെ കമ്പനികൾ ബുദ്ധിമുട്ടുന്നതിനാൽ ഇന്ത്യക്കാർക്ക് തൊഴിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇന്ത്യക്കാർക്ക് തൊഴിൽ വിസ നൽകുന്നത് നിർത്തിയെന്ന വാർത്ത അധികാരികളും ഏജന്റുമാരും നിഷേധിച്ചു. പ്രത്യേക രാജ്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം വിസ വൈവിധ്യത്തിന് കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നിബന്ധനയെന്ന് പ്രാദേശിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
യുഎഇയിൽ 38.9 ലക്ഷം ഇന്ത്യൻ പ്രവാസികളുണ്ട്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 37.96 ശതമാനത്തിലധികം വരും. എല്ലാ രാജ്യങ്ങൾക്കും നിയമം ഒരുപോലെ ബാധകമാണെങ്കിലും ഇന്ത്യക്കാരെ ആയിരിക്കും ഇത് കൂടുതൽ ദോഷകരമായി ബാധിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.




