യാംബു: പുഷ്പവൈവിധ്യത്താൽ വിസ്മയം തീർക്കുന്ന 14-ാമത് യാംബു പുഷ്പോത്സവം ഫെബ്രുവരി 15 ന് ആരംഭിക്കുമെന്ന് യാംബു റോയൽ കമീഷൻ അധികൃതർ അറിയിച്ചു. 2019 ലാണ് യാംബുവിൽ അവസാനമായി പുഷ്പമേള നടന്നത്. കോവിഡ് പ്രതിസന്ധിയിൽ മുടങ്ങിയ മേള നാലു വർഷങ്ങൾക്കുശേഷമാണ് വീണ്ടും എത്തുന്നത്. മേളയിൽ പ്രദർശിപ്പിക്കാൻ വർണ്ണ വൈവിധ്യങ്ങളുള്ള പൂക്കൾ റോയൽ കമീഷന് കീഴിലെ പ്രത്യേക നഴ്സറികളിലാണ് നട്ടു വളർത്തുന്നത്.
യാംബു- ജിദ്ദ ഹൈവേയോട് ചേർന്ന അൽ മുനാസബാത്ത് പാർക്കാണ് പുഷ്പോത്സവത്തിന് വേദിയാവുക. സന്ദർശകരെ വരവേൽക്കാൻ റോയൽ കമ്മീഷനിലെ വഴിയോരങ്ങളും പാർക്കുകളും ഓഫീസ് അങ്കണങ്ങളും വിദ്യാലയങ്ങളും പൂക്കളാൽ അലങ്കരിച്ചു കൊണ്ടിരിക്കുന്നു. പുഷ്പനഗരിയിലേക്കുള്ള പാതയോരങ്ങളിൽ ഡിസൈൻ ചെയ്ത ചെടികളും നട്ടുപിടിപ്പിച്ച മരങ്ങളും നഗരിയുടെ അലങ്കാരക്കാഴ്ച്ചയാണ്. ഉദ്യാന നിർമാണത്തിൽ വൈഭവമുള്ള യാംബു റോയൽ കമീഷനിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ സ്വകാര്യ കമ്പനികളുടെ കൂടി സഹകരണത്തോടെയാണ് പണികൾ സജീവമായി നടക്കുന്നത്.




