സഊദിയിൽ അബോധവസ്ഥയിലായ മലയാളി സുമനസ്സുകളുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി

0
1386

റിയാദ്: സഊദിയിൽ ശസ്ത്രക്രിയയെ തുടർന്ന് അബോധവസ്ഥയിലായ മലയാളി സുമനസ്സുകളുടെ സഹായത്താൽ
ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം കഠിനാംകുളം സ്വദേശി കൃഷ്ണൻ വിജയനാണ് നാട്ടിലേക്ക് മടങ്ങിയത്. റിയാദില്‍ 24 വർഷമായി ഇലക്ട്രീഷനായി ജോലി ചെയ്തു വരികയായിരുന്നു വിജയൻ. തോളെല്ലിലെ വേദനയെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും, ശസ്ത്രക്രിയക്ക് ശേഷം ബോധം തിരിച്ചു കിട്ടിയില്ല.  
രണ്ടു മാസത്തോളം വിജയനെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖുമായി ബന്ധപ്പെട്ട് ആളെ കണ്ടെത്താൻ സഹായം അഭ്യർഥിക്കുകയായിരുന്നു.

കേളി പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ വിവരം ധരിപ്പിക്കുകയും, കേളിയുടെ അന്വേഷണത്തിലൂടെ അബോധാവസ്ഥയിൽ സുമേഷിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ കഴിയുന്ന വിജയന്റെ വിവരങ്ങൾ ലഭ്യമാകുകയും, ഇദ്ദേഹത്തെ കേളി ഏറ്റെടുക്കുകയായിരുന്നു.

ശസ്ത്രക്രിയക്കിടയിൽ പക്ഷാഘാതം സംഭവിച്ചതിനാലാണ് അബോധാവസ്ഥയിൽ ആയതെന്നും ഏത് സമയവും ബോധം തിരിച്ചു കിട്ടിയേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. പിന്നീട് ഒരു മാസത്തോളം തൽസ്ഥിതി തുടർന്നു. മൂന്ന് മാസത്തെ തുടർച്ചയായ ചികിത്സക്കൊടുവിൽ വിജയന് ബോധം തിരിച്ചുകിട്ടി.

പക്ഷെ, പക്ഷാഘാതത്തിന്റെ ഭാഗമായി എഴുന്നേൽക്കുവാനോ  സംസാരിക്കുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. നകേളി പ്രവർത്തകർ എല്ലാവിധ സഹായങ്ങളും വിജയന് നൽകി.

രണ്ടു മാസത്തിനു ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു. അഞ്ചുമാസത്തെ ആശുപത്രി വാസത്തിനൊടുവിൽ ഡിസ്ചാർജ്  ചെയ്തു,  കേളി പ്രവർത്തകരോടോപ്പം താമസിച്ചു. തുടർന്ന് കമ്പനിയുമായി സംസാരിച്ചു, മുടങ്ങിയ ശമ്പള കുടിശികയും, നാട്ടിലേക്ക് അവധിയിൽ പോകുന്നതിനുള്ള രേഖകളും ടിക്കറ്റും വാങ്ങിയെടുത്തു.

കമ്പനി ആറുമാസത്തെ ലീവ് അനുവദിച്ചതിനെ തുടർന്ന്, എയർ ഇന്ത്യയുടെ  വീൽചെയർ ടിക്കറ്റിൽ ചോവ്വാഴ്ച വിജയൻ നാട്ടിലേക്ക് മടങ്ങി. കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര, മലാസ് ഏരിയ കൺവീനർ പിഎൻഎം റഫീക്, അനിൽ അറക്കൽ, കേളി മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി എന്നിവർ റിയാദ് എയർ പോർട്ടിൽ നിന്ന് യാത്രയാക്കി. ഭാര്യയും മകളും ചേർന്ന് തിരുവനന്തപുരം എയർപോർട്ടിൽ വിജയനെ സ്വീകരിച്ചു.