ലണ്ടൻ: മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് യോർക്ക്‌ഷെ യറിലെ വെയ്ക്ഫീൽഡിന് സമീപമുള്ള ക്രോഫ്റ്റണിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി രാജീവ് സദാശിവൻ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്രോഫ്റ്റണിൽ ശ്രീലങ്കൻ സ്വദേശികളുടെ ഉടമസ്ഥതയിൽ ഉള്ള സ്വകാര്യ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ഏകദേശം 12 വർഷങ്ങൾക്ക് മുൻപ് വിദ്യാർഥി വീസയിൽ എത്തിയ രാജീവ് ക്രോഫ്റ്റണിലെ സ്ഥാപനത്തിന്റെ സമീപത്തായിരുന്നു താമസം.
ഡിസംബർ 31 ന് വൈകിട്ടോടെ സ്ഥാപനത്തിൽ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ സഹപ്രവർത്തകരും സ്ഥാപന ഉടമസ്ഥരുമാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഹൃദയസ്തംഭനം ആകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്‌മോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. അതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലണ്ടനിലെ കേരള ക്രിക്കറ്റ് സമൂഹത്തിൽ ഏറെ സുപരിചിതനായ രാജീവ് മികച്ച ഒരു ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു. 12 വർഷമായി യുകെയിൽ ഒറ്റയ്ക്കായിരുന്നു താമസം. കുടുംബത്തെ യുകെയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയായിയുന്നു. ഭാര്യ: സരിത. മക്കൾ: രോഹിത്, വർഷ. തിരുവനന്തപുരം ബേക്കറിജംഗ്ഷൻ ടിസി 26/834 കൈലാഷ് സദനത്തിൽ സദാശിവൻ ചെട്ടിയർ, പരേതയായ എൽ. വനജ എന്നിവരാണ് മാതാപിതാക്കൾ.




