റിയാദ്: ലൂസിഡ് കമ്പനി സഊദി അറേബ്യയിൽ ഇതുവരെ ഏകദേശം 800 കാറുകൾ അസംബിൾ ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. അമേരിക്കക്ക് പുറത്തെ ലൂസിഡിെൻറ ആദ്യത്തെ ഫാക്ടറിയായിരുന്നു ഇത്.
കമ്പനിയുടെ വലിയൊരു ഭാഗം ഒാഹരി സ്വന്തമാക്കി സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ മുൻകൈയ്യിൽ പ്രതിവർഷം 5,000 ഇലക്ട്രിക് കാറുകളുടെ പ്രാരംഭ ഉൽപാദന ശേഷി ലക്ഷ്യമിട്ടാണ് ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചത്.
200ലധികം സ്വദേശി ജീവനക്കാർ കമ്പനിയിൽ ഇപ്പോൾ പരിശീലനം നേടുകയാണ്. അമേരിക്കയിലാണ് വാഹനത്തിൻറെ ഭാഗങ്ങൾ നിർമിക്കുന്നതെന്നും അതിെൻറ അസംബിളിങ് പ്രക്രിയ മാത്രമാണ് സൗദിയിൽ ഇപ്പോൾ നടക്കുന്നതെന്നും ലൂസിഡ് കമ്പനി ഗ്ലോബൽ വൈസ് പ്രസിഡൻറ് ഫൈസൽ സുൽത്താൻ പറഞ്ഞു.
സൗദി ഫാക്ടറിയിൽ ബാറ്ററി വീണ്ടും കണക്റ്റ് ചെയ്യുക, ടയറുകൾ സ്ഥാപിക്കുക, കാറിെൻറ പ്രവർത്തനം പരിശോധിക്കുക തുടങ്ങിയ ജോലികളാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിദിനം 16 മുതൽ 20 വരെ വാഹനങ്ങളാണ് നിർമിക്കുന്നത്. ഇലക്ട്രിക് കാർ വ്യവസായത്തിനായി ഒരു കേന്ദ്രം സൃഷ്ടിക്കാനുള്ള സർക്കാരിെൻറ പദ്ധതികളുടെ ഭാഗമായാണ് സൗദിയിൽ ലൂസിഡ് കമ്പനി ആരംഭിച്ചത്.




