സഊദിയില്‍ 15 ശതമാനം വാറ്റ് തുടരും, പക്ഷെ, മാറ്റമുണ്ടാകുമോ?: ധനമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

0
3410

റിയാദ്: സഊദി അറേബ്യയില്‍ നിലവിലുള്ള 15 ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) തുടരുമെന്ന് വ്യക്തമാക്കി ധനമന്ത്രി. നിലവില്‍ നികുതി ഘടനയില്‍ മാറ്റങ്ങളില്ലെന്നും നികുതി ഘടനയില്‍ മാറ്റങ്ങളുണ്ടാകുമ്പോള്‍ അറിയിക്കുമെന്നും ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016ല്‍ സഊദി വിഷന്‍ 2030 ആരംഭിച്ചതിന് ശേഷം മൊത്ത ആഭ്യന്തര ഉല്‍പ്പാദനം മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും വിഷന്‍ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്ന മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2.5 ട്രില്യണ്‍ റിയാലായിരുന്നുവെങ്കിൽ ഇന്ന് 2023ല്‍ അത് 65 ശതമാനം വര്‍ധിച്ച് 4.1 ട്രില്യണ്‍ റിയാലില്‍ അധികമായെന്നും അദ്ദേഹം പറഞ്ഞു. എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനുള്ള രാജ്യത്തിന്റെ തീരുമാനം ഏറെ നേട്ടങ്ങൾ ഉണ്ടാക്കിയെന്നും 2023 ല്‍ 0.03% ജിഡിപി വളര്‍ച്ചയിലേക്ക് നയിച്ചുവെന്നും എണ്ണ ഇതര മേഖലയുടെ ശരാശരി വളര്‍ച്ചയെ ഇത് സൂചിപ്പിക്കുന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാന്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 200 ബില്യണ്‍ റിയാല്‍ കവിയുന്ന മൂലധന ചെലവുണ്ടാകും. അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷത്തെ ബജറ്റ് എണ്ണ ഇതര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. 2030 വരെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ പ്രതീക്ഷ 6% ആണെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി  പൊതുമേഖലാ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക, ധനപരിഷ്‌കരണങ്ങള്‍ വിജയകരമാണെന്ന് ഇതുവരെയുള്ള ഫലങ്ങള്‍ വ്യക്തമാക്കുന്നതായി ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും സമഗ്ര സാമ്പത്തിക വളര്‍ച്ചക്കും പൊതുധന മാനേജ്‌മെന്റ് വികസിപ്പിക്കാനും പെട്രോളിതര ഉല്‍പാദനം വര്‍ധിപ്പിക്കാനും ബജറ്റ് ഊന്നല്‍ നല്‍കുന്നു. വളരെ മികച്ച വളര്‍ച്ചക്കാണ് സഊദി സമ്പദ്‌വ്യവസ്ഥ സാക്ഷ്യം വഹിക്കുന്നത്.

സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം സൗദി സമ്പദ്‌വ്യവസ്ഥ 11 ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതില്‍ 1,30,000 ലേറെ തൊഴിലവസരങ്ങള്‍ ലഭിച്ചത് സ്വദേശികള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.