നിലത്ത് രക്തത്തില്‍ കുളിച്ച് സ്വത്‌വ; നിലവിളിച്ച ബിന്ദുവിന്റെ മുന്നില്‍ സ്വയം കുത്തി കൃഷ്ണചന്ദ്രന്‍: ഞെട്ടി അയല്‍വാസികളും നാട്ടുകാരും

0
3188

ഋഷികേശില്‍ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യ ആയിരുന്നു ഇവര്‍ 16 വര്‍ഷമായി ഒരുമിച്ചാണ് കഴിയുന്നത്

കൊട്ടിയം: ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് പട്ടാപ്പകല്‍ വിദേശവനിത കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിശ്വസിക്കാനാകാതെ അയല്‍വാസികളും നാട്ടുകാരും. പൊലീസ് സംഘവും ജനപ്രതിനിധികളും എത്തിയതോടെ വാര്‍ത്തയറിഞ്ഞ് നാട്ടുകാരും സംഭവം നടന്ന വീട്ടിലേക്കു നാട്ടുകാര്‍ പാഞ്ഞെത്തി. ഇസ്രയേല്‍ സ്വദേശിയായ സ്വത്‌വയുടെ പെരുമാറ്റം നല്ല രീതിയിലായിരുന്നുവെന്നും അവരും കൃഷ്ണചന്ദ്രനും തമ്മില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നും അയല്‍ക്കാരും പറയുന്നു. എന്താണു കൊലപാതകത്തിനു കാരണമെന്നു യാതൊരു വ്യക്തതയും ഇതുവരെ ലഭിച്ചിട്ടില്ല.

രോഗങ്ങള്‍ അലട്ടിയിരുന്ന സ്വത്‌വ സ്വയം മരിക്കാന്‍ ശ്രമിച്ചിട്ടു കഴിയാതിരുന്ന സാഹചര്യത്തില്‍ തന്നോട് ആവശ്യപ്പെട്ട പ്രകാരം കുത്തിയതാണെന്നാണും പിന്നീട് സ്വയം ജീവനോടുക്കാന്‍ ശ്രമിച്ചെന്നുമാണ് കൃഷ്ണചന്ദ്ര പറഞ്ഞത്. ഒരു വര്‍ഷത്തിലേറെയായി ഇസ്രയേല്‍ സ്വദേശിയായ വനിത കോടാലിമുക്കില്‍ താമസിച്ചിട്ടും പൊലീസ് ഈ വിവരം അറിഞ്ഞിരുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. താമസത്തിനായി വിദേശകള്‍ എത്തിയാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം എന്നുണ്ട്.

ഉത്തരാഖണ്ഡില്‍ യോഗാ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്‍ (75) അവിടെ വച്ചാണ് പരിശീലനത്തിന് എത്തിയ ഇസ്രയേല്‍ സ്വദേശിയായ സ്വത്വയെ (36) പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി എന്നാണു ബന്ധുക്കള്‍ പറയുന്നത്. ഒരു വര്‍ഷം മുന്‍പാണ് ആയുര്‍വേദ ചികിത്സയ്ക്കായി ഇരുവരും ഡീസന്റ് ജംക്ഷനു സമീപം കോടാലിമുക്കില്‍ ഉള്ള ബന്ധുവീട്ടില്‍ എത്തിയത്. ഒരു വര്‍ഷമായി ഇരുവരും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും പരിസരവാസികളുമായി അധികം സംസാരിക്കാറില്ല. സ്വത്വയ്ക്കു മലയാളം അല്‍പം അറിയാം എന്നു പഞ്ചായത്തംഗം എസ്.സിന്ധു പറഞ്ഞു. അവര്‍ നന്നായി പെരുമാറിയിരുന്ന സ്ത്രീ ആണെന്നു കൃഷ്ണചന്ദ്രന്റെ ബന്ധുവായ ബിന്ദു പറഞ്ഞു.

രവികുമാറും ഭാര്യ ബിന്ദുവുമാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. ബിന്ദുവിന്റെ പിതൃസഹോദരനാണ് കൃഷ്ണചന്ദ്രന്‍. രവികുമാറും ബിന്ദുവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണു സംഭവം. ഇന്നലെ ഉച്ചയോടെ ബിന്ദു ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തി കോളിങ് ബെല്‍ ഒട്ടേറെ തവണ അടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്നു വീടിന്റെ പിന്നിലെ വാതില്‍ തുറന്ന് അകത്തു കയറി. കൃഷ്ണചന്ദ്രനും സത്വയും കിടക്കുന്ന മുറിയിലെ കതകില്‍ തട്ടി. കുറെത്തവണ തട്ടിയപ്പോള്‍ കൃഷ്ണചന്ദ്രന്‍ വാതിലിന്റെ പാതി തുറന്നു. ബിന്ദു മുറിക്കുള്ളിലേക്കു നോക്കിയപ്പോള്‍ സത്വ കഴുത്തിനു മുറിവേറ്റു കട്ടിലില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.

നിലവിളിച്ചപ്പോള്‍ ബിന്ദുവിന്റെ മുന്നില്‍ വച്ചു തന്നെ കൃഷ്ണചന്ദ്രന്‍ കത്തി കൊണ്ട് സ്വയം കുത്തി മുറിവേല്‍പ്പിച്ചതായാണു പറയപ്പെടുന്നത്. തുടര്‍ന്നു ബിന്ദു അയല്‍വാസികളെയും നാട്ടുകാരെയും വിളിച്ചു കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു.കഴുത്തിനു മുറിവേറ്റു കിടക്കുന്ന സത്വയ്ക്കു സമീപത്തു കൃഷ്ണചന്ദ്രനും അവശനിലയില്‍ കിടക്കുകയായിരുന്നു അപ്പോള്‍. നാട്ടുകാര്‍ ഉടന്‍ കൊട്ടിയം പൊലീസിനെ വിവരം അറിയിച്ചു. കൃഷ്ണചന്ദ്രനെ നാട്ടുകാരും സത്വയെ പൊലീസുമാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. സത്വ അപ്പോഴേക്കും മരിച്ചിരുന്നു. വൈകാതെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി കൃഷ്ണചന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

16 വര്‍ഷമായി കൃഷ്ണചന്ദ്രനും സത്വയും ഒരുമിച്ചാണ്. ഋഷികേശില്‍ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യ ആയിരുന്നു ഇവര്‍. പിന്നീട് വിവാഹം കഴിച്ച ഇരുവരും ഒരു വര്‍ഷം മുന്‍പാണു കേരളത്തിലെത്തിയത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നു കുറച്ചുനാളുകളായി ജീവനൊടുക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നതായും ഇന്നലെ ഉച്ചയ്ക്കു ഭക്ഷണം കഴിച്ച ശേഷം സത്വ ആദ്യം സ്വയം കുത്തിയെങ്കിലും മരിക്കാത്തതിനാല്‍ തന്നോട് ആവശ്യപ്പെട്ടതുപ്രകാരം കുത്തിയതാണ് എന്നും പിന്നീടു സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നും കൃഷ്ണചന്ദ്രന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.