താഷ്കന്റ്: കൊറോണ വൈറസ് കേസുകൾ ഉയർന്നതിനെ തുടർന്ന് ഉസ്ബകിസ്താനിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. ഈ വർഷത്തെ ഏറ്റവും വലിയ വർധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് തലസ്ഥാനത്തേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഉത്തരവിട്ടു. നിലവിൽ വിമാന സർവ്വീസുകൾക്ക് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും പ്രവാസികൾ ആശങ്കയിലാണ്.
പുതിയ നിയന്ത്രണങ്ങളിൽ ജൂൺ 28 മുതൽ രണ്ടാഴ്ചത്തേക്ക് “അടിയന്തിര ആവശ്യം” ഉള്ള സാഹചര്യങ്ങളിൽ മാത്രമേ തലസ്ഥാനമായ താഷ്‌കന്റിലേക്ക് ബസ്സിലും കാറിലും പ്രവേശനം അനുവദിക്കൂ. പ്രാർത്ഥനകൾ പള്ളികൾക്കുള്ളിൽ നടത്തരുതെന്നും പുറത്തായിരിക്കണം പ്രാർത്ഥന നടത്തേണ്ടതെന്നും രാജ്യത്തെ കൊറോണ വൈറസ് കമ്മീഷൻ ശുപാർശ ചെയ്തു. മധ്യേഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം മറ്റൊരു ദുഷ്കരമായ വേനൽക്കാലത്തേക്ക് നീങ്ങുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
34 ദശലക്ഷം ജനസംഖ്യയുള്ള റിപ്പബ്ലിക്കായ ഉസ്ബെക്കിസ്ഥാൻ വെള്ളിയാഴ്ച 476 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 725 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019 നെ അപേക്ഷിച്ച് 2020 ൽ മരണങ്ങളിൽ 13.5 ശതമാനം വർധനയുണ്ടായതായാണ് കണക്കുകൾ.
പുതിയ നീക്കങ്ങളിൽ പ്രവാസികളും ആശങ്കാകുലരാണ്. നിലവിൽ സഊദി, യു എ ഇ എന്നിവിടങ്ങളിലേക്ക് പോകാനായി ഇവിടെ ആയിരത്തിലധികം മലയാളികൾ എത്തിയിട്ടുണ്ട്. മാത്രമല്ല, നിരവധി പേർ യാത്രക്കൊരുങ്ങുകയും ചെയ്തിട്ടുണ്ട്. സർക്കാർ നടപടികൾ ഏത് വിധേയനയാണ് ബാധിക്കുക എന്ന ആശങ്കയിലാണിവർ. നിലവിൽ യാത്രക്കൊരുങ്ങിയവർ സൂക്ഷ്മമായി കാര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കണം യാത്ര പുറപ്പെടേണ്ടത്.
അയൽരാജ്യമായ കസാക്കിസ്ഥാനിൽ നിലവിൽ ഡെൽറ്റ വേരിയന്റും കണ്ടെത്തിയിട്ടുണ്ട്. സേവന മേഖലയിലെ ഉദ്യോഗസ്ഥർക്കും ഇടത്തരം, വൻകിട സംരംഭങ്ങളിലെ ജീവനക്കാർക്കും നിയന്ത്രണങ്ങൾ ഇവിടെ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വേനൽക്കാലത്തും മുൻ സോവിയറ്റ് മധ്യേഷ്യയിലുടനീളമുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് വൻതോതിൽ വർധിച്ചിരുന്നു. മേഖലയിലെ പല സർക്കാരുകളും വൈറസ് ബാധ അംഗീകരിക്കുന്നതിൽ അലംഭാവം കാണിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുർക്ക്മെനിസ്ഥാനിൽ ഒരു രോഗം പോലും രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സർക്കാർ വാദം. ജനുവരിയിൽ കൊറോണ വൈറസ് നിർമാർജനം ചെയ്തതായി താജിക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നുവെങ്കിലും ഈ മാസം പുതിയ കേസുകളിൽ വീണ്ടും കണ്ടെത്തി.
കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം




