കോഴിക്കോട്: സ്വര്‍ണാഭരണങ്ങള്‍ കവരാൻ വീട്ടമ്മയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി. യുവാവിന്റെ മൊഴി. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്നാണ് പോലീസ് കസ്റ്റഡിയിലുള്ള വീട്ടമ്മയുടെ സുഹൃത്തായ യുവാവിന്റെ മൊഴിയുള്ളത്.
ഇതേ തുടര്‍ന്ന് മൃതദേഹം കണ്ടെടുക്കുന്നതിനായി പോലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചിട്ടുണ്ട്. ഈ മാസം ഏഴിനായിരുന്നു കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി സൈനബ (57) യെ കാണാതാകുന്നത്.
മലപ്പുറം സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ കൊലപ്പെടുത്തി കൊക്കയില്‍ ഉപേക്ഷിച്ചതായി പോലീസ് കസ്റ്റഡിയിലുള്ള മലപ്പുറം സ്വദേശി വെളിപ്പെടുത്തിയിട്ടുണ്ട്. നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് പ്രതി പറയുന്നത്. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബയെന്ന് പറയുന്നു. സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു.




