റിയാദ്: സഊദിയിൽ അഴിമതിക്കേസിൽ ജഡ്ജിയും ബാങ്ക് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ പിടിയിൽ. അഴിമതി വിരുദ്ധ സമിതിയാണ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാങ്ക് ഓപ്പറേഷൻ മാനേജർ, പണമിടപാട് ഇദ്യോഗസ്ഥർ, 11 താമസക്കാർ എന്നിവർ കുടുങ്ങിയ കേസിൽ 505,725,336 റിയാൽ രാജ്യത്തിന് പുറത്തേക്ക് അയക്കാൻ സൗകര്യം ചെയ്ത് കൊടുത്തതായാണ് കണ്ടെത്തിയത്. പണം അയക്കുന്നതിനു ഇവർ കമ്മീഷനും സ്വീകരിച്ചിരുന്നു.
ഒരു പ്രവിശ്യയിലെ വാണിജ്യ കോടതിയിലെ വകുപ്പ് മേധാവിയായ ജഡ്ജിയാണ് അറസ്റ്റിലായ മറ്റൊരു പ്രമുഖൻ. രണ്ട് കമ്പനികൾ തമ്മിലുള്ള ഒരു വ്യവഹാര കേസ് ഇടപാടിൽ അനുകൂല വിധി നൽകുന്നതിനായി പണം സ്വീകരിച്ച കേസിലാണ് ഇദ്ദേഹം അറസ്റ്റിലായത്.
കൂടാതെ, പബ്ലിക് പ്രോസിക്യൂഷൻ അംഗം, ഒരു സർവ്വകലാശാലയിലെ ഫാക്കൽറ്റി മെമ്പർ, നോട്ടറി പബ്ലിക്, ഖുർആൻ മനഃപാഠം കോംപ്ലക്സ് ഡയരക്ടർ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ നിരീക്ഷകൻ, വിവിധ കേസുകളിലായി നിരവധി താമസക്കാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചില കേസുകളിൽ നിരവധി പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.




