മലപ്പുറം: അഡ്വ. പി.എം.എ സലാമിനെതിരായ സമസ്തയിലെ 21 നേതാക്കളുടെ കത്ത് വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
കത്ത് വിവാദം മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കണ്ടുവെങ്കിലും ഇതുവരെയും കത്ത് തനിക്ക് നേരിട്ടു ലഭിച്ചിട്ടില്ല. ഇന്നും ഇന്നലെയുമൊക്കെ സമസ്തയുടെ പല നേതാക്കളുമായും സംസാരിച്ചുവെങ്കിലും കത്ത് പ്രശ്‌നം ആരും പറഞ്ഞിട്ടില്ല. കത്തുണ്ടെങ്കിൽ നേരിട്ട് കൊണ്ടുവരേണ്ടേ? അതല്ലാതെ പത്രക്കാർക്ക് കൊടുത്ത് ഒരു കത്തുണ്ട് എന്ന് പറയുകയാണോ വേണ്ടത്. നേരിട്ട് കത്ത് കിട്ടുമ്പോൾ അതിനല്ലേ നേരെ മറുപടി പറയേണ്ടതെന്നും സാദിഖലി തങ്ങൾ ചോദിച്ചു.
അപ്പോൾ വിവാദങ്ങളിൽ കാര്യമില്ലേ എന്ന് ചോദിച്ചപ്പോൾ വിവാദങ്ങൾക്ക് സമയമില്ലെന്നും തലയിരിക്കുമ്പോൾ വാലാടുന്ന സ്വഭാവം ശരിയല്ലെന്നും സമസ്തയുടെ മസ്തിഷ്‌കം എന്നും മുസ്‌ലിം ലീഗിനൊപ്പമാണെന്നുമായിരുന്നു സാദിഖലി തങ്ങളുടെ മറുപടി.
പാർട്ടിക്ക് അനാവശ്യ വിവാദങ്ങളിൽ സമയം കളയാൻ നേരമില്ല. ഒരു കാര്യം ഉറപ്പാണ്: സമസ്തയുടെ മസ്തിഷ്‌കം എന്നും മുസ്‌ലിം ലീഗിന് ഒപ്പമാണ്. ലീഗും അങ്ങനെത്തന്നെയാണ്. ആ സമസ്തയുമായും മുസ്‌ലിം സംഘടനകളുമായുമൊക്കെ യോജിച്ചേ ലീഗ് പോയിട്ടുള്ളൂ. ഇപ്പോഴും അങ്ങനെത്തന്നെയാണ്. യോജിപ്പിലും സൗഹാർദ്ദത്തിലും മുന്നോട്ടുപോകണം. അതിനുവേണ്ടി എന്താണോ ലീഗ് ചെയ്യേണ്ടത്, അതെല്ലാം പാർട്ടി ഇനിയും ചെയ്യും.




