ജിദ്ദയില്‍ മലയാളികളുടെ ‘ഗൂഗ്‌ളീസ്’ ക്ലബ്ബ് നിലവിൽ വന്നു

0
1438

ജിദ്ദ: ക്രിക്കറ്റില്‍ തല്‍പരരായവര്‍ ഒത്ത്‌ചേര്‍ന്ന് ജിദ്ദയിൽ ‘ഗൂഗ്‌ളീസ്’ ക്ലബ് രൂപീകരിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജിദ്ദയിൽ അധിവസിക്കുന്ന ക്രിക്കറ്റ്, മറ്റ് സ്‌പോര്‍ട്‌സ്, ഗെയിംസ് എന്നിവയിൽ തല്‍പരരായ ഒരു കൂട്ടം യുവാക്കള്‍ ചേർന്നാണ് ‘ഗൂഗ്‌ളീസ്’ എന്ന പേരിൽ പുതിയൊരു സ്പോർട്സ് ക്ലബ് രൂപീകരിച്ചത്. പ്രവാസി യുവാക്കളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്ലബ്ബിന്‍റെ ലക്ഷ്യമെന്നും സംഘാടകർ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

2023 ജൂണില്‍ ഭാരവാഹികളെ തെരഞ്ഞെടുത്ത് ‘ഗൂഗ്‌ളീസ് ജിദ്ദ’ എന്ന പേരില്‍ ഒരു ക്ലബായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സംഘടനയുടെ ലോഗോ, ജേഴ്‌സി പ്രകാശനം എന്നിവയും ജിദ്ദയില്‍ നടന്നു. സഊദി ക്രിക്കറ്റ് ടീം കോച്ച് ഷുഐബ്ഖാന്‍ ലോഗോ പ്രകാശനം നടത്തി. ജേഴ്‌സി പ്രകാശനം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ക്രിക്കറ്റ് ടീം കോച്ച് ആദില്‍ഖാന്‍ നിര്‍വ്വഹിച്ചു. പാട്ട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് കോച്ച് ഇംറാന്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

ജിദ്ദയിലെ വിവിധ ക്രിക്കറ്റ് ക്ലബുകളെയെല്ലാം ഒരുമിച്ചുകൂട്ടി ഒരു കൂട്ടായ്മയായി മുന്നോട്ട് പോവാനുള്ള ശ്രമം നടത്തുമെന്നും അടുത്ത മാസം ജിദ്ദയിലെ 12 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു നാനോ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നുണ്ടെന്നും ഗൂഗ്‌ളീസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. 17 വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്ക് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള അത്‌ലറ്റിക്ക് മീറ്റ്, ചെസ് ടൂര്‍ണ്ണമെന്റ്, ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ്, ക്രിക്കറ്റ്, നീന്തൽ പരിശീലങ്ങൾ തുടങ്ങിയ വിവിധ പദ്ധതികൾ ക്ലബ്ബിന് കീഴിൽ ആലോചിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

റഷീദ് അലി (ചെയര്‍മാന്‍), സുബൈര്‍ പെര്‍ളശ്ശേരി (പ്രസിഡന്റ്), ഷംസു മിസ്ഫല(കണ്‍വീനര്‍), ഷാജി അബൂബക്കര്‍ (സെക്രട്ടറി), റിയാസ് പി.കെ(ഓര്‍ഗനൈസിംഗ് സെകട്ട്രറി), സമീര്‍ വരിക്കോടന്‍(വൈസ് പ്രസിഡന്റ്), മുഹമ്മദ് ഷമീര്‍(ട്രഷറര്‍), ആദില്‍ ഇല്ലിക്കല്‍(ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ക്‌ളബിന്റെ പ്രധാന ഭാരവാഹികള്‍. 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ക്‌ളബിനുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍, പ്രസിഡന്റ്, കണ്‍വീനര്‍ സെകട്ട്രറി, ട്രഷറര്‍ എന്നിവര്‍ പങ്കെടുത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക