റിയാദ്: സഊദിയിൽ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിന്റെ പേരിൽ നടപടി. സംഘാടകർ ഉൾപ്പെടെ 14 പേർ പോലീസ് കസ്റ്റഡിയിൽ. നാട്ടിൽ നിന്നെത്തിയ ഒരു എം എൽ എ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കേണ്ട പരിപാടിയാണ് അനുമതിയില്ലാത്തതിനെ തുടർന്ന് അവസാനം നിർത്തിവെക്കേണ്ടി വന്നത്. സഊദിയിൽ എല്ലാ പരിപാടികളും നടത്താൻ മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കാതെ മലയാളികളുടെ പരിപാടി വിപുലമായി വിവിധയിടങ്ങളിൽ നടന്നു വരുന്നതിനിടെയാണ് ഏവരെയും ചിന്തിപ്പിക്കുന്ന നടപടികൾ.
റിയാദ് പ്രവിശ്യയിൽ മലയാളികൾ സംഘടിപ്പിച്ച വിപുലമായ ഒരു പരിപാടിയിലാണ് സംഘാടകരുടെ പിടിപ്പ്കേട് മൂലം ദുരനുഭവം ഉണ്ടായത്. എം എൽ എ പങ്കെടുക്കേണ്ട പരിപാടി നടക്കാൻ ഏതാനും മണിക്കൂറുകൾ മുൻപ് തന്നെ സംഘാടകർ ഉൾപ്പെടെ 14 ഓളം വരുന്ന സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് സാമൂഹ്യ പ്രവർത്തകൻ പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാനായി പുറപ്പെട്ട എം എൽ എ സംഭവ വിവരം അറിഞ്ഞതിനെ തുടർന്ന് തിരിച്ചു പോകുകയായിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് പോലീസ് എത്തുന്ന അവസരത്തിൽ എം എൽ എ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം കൂടി കസ്റ്റഡിയിലാകുമായിരുന്നു.
റിയാദ് ഉൾപ്പെടെ സഊദിയുടെ വിവിധ ഭാഗങ്ങളിൽ മലയാളി സംഘടനകൾ വ്യാപകമായി പരിപാടികൾ നടത്തി വരുന്നുണ്ട്. ചെറുതും വലുതുമായ സംഘടനകളും വ്യക്തികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒറ്റപ്പെട്ട സംഘടനകളും വിവിധ മലയാളി ആഘോഷദിനങ്ങളിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എന്നാൽ, ഇതിൽ ഒട്ടുമിക്ക പരിപാടികൾക്കും അനുമതി ഇല്ലെന്നതാണ് വസ്തുത. സഊദിയിൽ സമീപകാലത്ത് വിവിധ അതോറിറ്റികളുടെ മേൽനോട്ടത്തിൽ പരിപാടികളിൽ അനുമതി നൽകുന്നുണ്ട്. എന്നാൽ, അനുമതിക്കായി പലരും ശ്രമിക്കാറില്ലെന്നതാണ് വസ്തുത.
വിനോദ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വാണിജ്യ രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ വഴിയാണ് ലൈസന്‍സ് എടുക്കേണ്ടത്. സ്ഥാപന ഉടമയോ പ്രതിനിധിയോ പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ അനുമതിപത്രത്തോടെയാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്.
ഏതൊരു പ്രോഗ്രാമിന്റെയും 60 ദിവസം മുമ്പ് ലൈസന്‍സിന് അപേക്ഷിക്കണം. പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെയടക്കം മൊത്തം വിവരണങ്ങള്‍ അതോടൊപ്പം സമര്‍പ്പിക്കണം. സഊദി അറേബ്യയുടെ മൂല്യങ്ങളെയും സംസ്‌കാരത്തെയും ലംഘിക്കുന്ന ഒന്നും ഉള്‍പ്പെടുന്നില്ലെന്ന് അപേക്ഷകന്‍ സത്യവാങ്മൂലം നല്‍കണം തുടങ്ങിയവയാണ് അനുമതി തേടിയുള്ള അപേക്ഷയില്‍ ഉണ്ടായിരിക്കേണ്ടത്.
റിയാദിൽ 14 മലയാളികൾ അറസ്റ്റിലായ സംഭവത്തിൽ സാമൂഹ്യപ്രവർത്തകൻ ഷാനവാസ് രാമഞ്ചിറ ഫേസ്ബുക്കിൽ നൽകിയ കുറിപ്പ് സഊദിയിലെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നവരെ ഇരുത്തിചിന്തിപ്പിക്കുന്നവയാണ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം താഴെ 👇
സൗദിയിലെ_പൊതു_രംഗത്ത് #പ്രവർത്തിക്കുന്നവരോടും_സംഘടനാ #പ്രവർത്തകരോടും_മറ്റു_പ്രവാസി #സുഹൃത്തുക്കളോടും_കൂടിയാണ്..
സൗദിയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാതെ നടത്തുന്ന ഏത് പരിപാടികളും ആൾ കൂട്ടങ്ങളും നിയമ വിരുദ്ധമാണ് എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്..
എന്നാൽ അടുത്ത കാലത്തായി പല പരിപാടികളും ഇവൻ്റുകളും സംഘടിപ്പിച്ചു കൊണ്ട് പ്രവാസി സമൂഹം വളരെ ആസ്വാദനത്തോടെ മുന്നോട്ട് പോകാൻ മത്സരിക്കുന്ന കാഴ്ച്ച യാണ് കണ്ടു വരുന്നത്..
എന്നാൽ ഇന്ന് ഈ വെളുപ്പിന് ഉറങ്ങാൻ കഴിയാത്ത വിധം മനസ്സിനെ വേദനിപ്പിച്ച ഒരു വിഷയമാണ് എഴുത്തിന് ആധാരം..
റിയാദ് പ്രവിശ്യയിൽ നമ്മുടെ ഒരു MLA കൂടി പങ്കെടുക്കാനിരുന്ന ഒരു സംഘടനയുടെ പരിപാടി നടക്കാൻ ഏതാനും മണിക്കൂറുകൾ മുൻപ് തന്നെ സംഘാടകരെ ഉൾപ്പെടെ 14 ഓളം വരുന്ന സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്..
പരിപാടിയിലേക്ക് എത്തി കൊണ്ടിരുന്ന MLA വിവരം അറിഞ്ഞ് തിരിച്ച് പോരേണ്ടി വരികയുണ്ടായി..
തദവസരത്തിൽ അദ്ദേഹം കൂടി അവിടെ ഉണ്ടായിരുന്നു എങ്കിൽ അദ്ദേഹവും കസ്റ്റഡിയിലാകുമായിരുന്നു.
പിന്നീട് ഇടപെടൽ ഉണ്ടാകും എന്നത് വസ്തുതയാണ്..
എന്നിരുന്നാലും ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോൾ മതിയായ അനുമതി വാങ്ങുകയും പ്രസ്തുത സ്ഥലത്ത് രേഖകൾ സൂക്ഷിക്കുകയും വേണം എന്ന് കൂടി ഈ അവസരത്തിൽ ഓർമ്മിപ്പിക്കുകയാണ്..
ഇപ്പോഴും റിയാദിൽ പല സ്ഥലത്തും പല സംഘടനകളുടെയും ഓണത്തിൻ്റെ പരിപാടികൾ തന്നെ നടന്നു വരികയാണ്.
#ഒരു_കരുതൽ_നല്ലതാണ്..
അകത്തിരിക്കുന്നത് അത്ര സുഖകരമല്ല..#അനുഭവം🫰
ഇതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘമാണ് പ്രവർത്തിക്കുന്നത് എന്നാണ് വിവരങ്ങൾ..
എത്രയും വേഗം സുഹൃത്തുക്കളുടെ മോചനം സാധ്യമാകട്ടെ എന്ന പ്രാർഥനയോടെ..
🇮🇳#ഷാനവാസ്_രാമഞ്ചിറ…✍️
#റിയാദ്_സൗദി_അറേബ്യ




