ലോക വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ജിദ്ദ ബലദ് വികസനത്തിന് പുതിയ കമ്പനി

0
1488

ജിദ്ദ: ജിദ്ദയുടെ പുരാതന പൈതൃകവും സമ്പന്നമായ സംസ്‌കാരവും അടിസ്ഥാനമാക്കി
ലോക വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ഹിസ്റ്റോറിക് ജിദ്ദ ഏരിയ (ബലദ്) യുടെ വികസനത്തിന് ബലദ് ഡെവലപ്‌മെന്റ് കമ്പനി എന്ന പേരില്‍ പുതിയ കമ്പനി സ്ഥാപിച്ചതായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.

വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി ജിദ്ദയെ ലോക വിനോദ സഞ്ചാര കേന്ദ്രമാക്കി പരിവര്‍ത്തിപ്പിക്കാനാണ് ശ്രമം.
ബലദിലെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ചരിത്രപ്രാധാന്യമുള്ള പുരാതന കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് മേല്‍നോട്ടം വഹിക്കല്‍, സേവന സൗകര്യങ്ങളും വിനോദ, പാര്‍പ്പിട, വാണിജ്യ, ഹോട്ടല്‍, ഓഫീസ് ഇടങ്ങളും വികസിപ്പിക്കല്‍ എന്നിവയില്‍ ഊന്നിയാണ് കമ്പനി പ്രവര്‍ത്തിക്കുക.

സാമ്പത്തിക കേന്ദ്രവും ആഗോള സാംസ്‌കാരിക, പൈതൃക കേന്ദ്രവും എന്നോണം ഹിസ്റ്റോറിക് ജിദ്ദ ഏരിയ വികസിപ്പിക്കാന്‍ കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനി സ്ഥാപിച്ചത്.

ആകെ 25 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് ബലദ് ഡെവലപ്‌മെന്റ് കമ്പനി വികസന പദ്ധതി നടപ്പാക്കുക. 9,300 പാര്‍പ്പിട യൂനിറ്റുകളും 1,800 ഹോട്ടല്‍ യൂനിറ്റുകളും 13 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വാണിജ്യ, ഓഫീസ് ഏരിയകളും അടക്കം ആകെ നിര്‍മാണ വിസ്തീര്‍ണം 37 ലക്ഷം ചതുരശ്രമീറ്ററായിരിക്കും.