‘മീനിനെന്താ വില’? മീന്‍ വില്‍പ്പനക്കാരിയായ അമ്മയോട് 3 വര്‍ഷത്തിന് ശേഷം ദുബൈയില്‍ നിന്നെത്തിയ മകന്റെ ചോദ്യം; സര്‍പ്രൈസ് വീഡിയോ കാണാം

0
6192

ബെംഗളൂരു: പ്രവാസിയായ മകന്‍ മൂന്ന് വര്‍ഷത്തിന് ശേഷം നാട്ടിലെത്തി മീന്‍ വില്‍പ്പനക്കാരിയായ അമ്മയ്ക്ക് നല്‍കിയ സര്‍പ്രൈസ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ വൈറല്‍. ഒട്ടും പ്രതീക്ഷിക്കാതെ വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ മുന്നില്‍ കണ്ട മീന്‍ വില്‍പ്പനക്കാരിയായ അമ്മയുടെയും ആ സന്തോഷം അറിഞ്ഞ മകന്റെയും വൈകാരികമായ കൂടിക്കാഴ്ച സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

മൂന്ന് വര്‍ഷത്തിന് ശേഷം ദുബായില്‍ നിന്ന് വന്ന മകന്‍ മീന്‍ വില്‍പ്പനക്കാരിയായ അമ്മയ്ക്ക് മുന്നില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നതാണ് വീഡിയോ. കര്‍ണാടക സ്വദേശിയായ രോഹിത് എന്ന യുവാവാണ് ഗംഗോല്ലി മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന അമ്മയ്ക്ക് മുന്നില്‍ മുന്‍കൂട്ടി അറിയിക്കാതെ എത്തിയത്. തൂവാലകൊണ്ട് മുഖം മറച്ച്, കൂളിംഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ മകനെ അമ്മ തിരിച്ചറിഞ്ഞതേയില്ല.

മുഖം മറച്ചെത്തിയ യുവാവ് അമ്മയോട് മീനിന്റെ വില ചോദിക്കുന്നതും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വിലയും മറ്റും ചോദിച്ചുള്ള സംസാരത്തിനിടെ സംശയം തോന്നി അമ്മ പെട്ടന്ന് എഴുനേറ്റ് യുവാവിന്റ മുഖത്തെ തൂവാലയും ഗ്ലാസും മാറ്റി. അപ്പോഴാണ് അത് തന്റെ മകനാണെന്ന് ആ അമ്മ തിരിച്ചറിയുന്നത്. മകനെ കണ്ട് അമ്മ കരയുന്നതും കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ദുബായില്‍ ജോലി ചെയ്യുന്ന രോഹിത്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് നാട്ടില്‍ എത്തിയത്. വിമാനത്താവളത്തിലെത്തിയ ഉടനെ രോഹിത്ത് അമ്മ മീന്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലേക്ക് എത്തുകയായിരുന്നു. അപ്രതീക്ഷിത വരവില്‍ സന്തോഷം കൊണ്ട് അമ്മ കരയുന്നത് കണ്ട ഉടന്‍ രോഹിത്ത് അമ്മയെ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെയ്ക്കുന്നത് വീഡിയോയില്‍ കാണാം.