ജിദ്ദ: സഊദിയിൽ പ്രഫഷനൽ മ്യൂസിക് അസോസിയേഷൻ സ്ഥാപിക്കുന്നതിന് അനുമതിയായി. നാഷനൽ സെൻറർ ഫോർ നോൺ പ്രോഫിറ്റ് സെക്ടർ ഡെവലപ്മെൻറ് സി.ഇ.ഒ അഹമ്മദ് അൽസുവൈലെം ആണ് റിയാദ് ആസ്ഥാനമായുള്ള ആദ്യത്തെ പ്രഫഷനൽ മ്യൂസിക് അസോസിയേഷൻ സ്ഥാപിക്കുന്നതിന് അനുമതി നൽകിയത്. സംഗീത മേഖലയെ സർഗാത്മകതയിലേക്കും മികവിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
സംഗീതജ്ഞൻ മംദൂഹ് സെയ്ഫിെൻറ നേതൃത്വത്തിൽ ഡയറക്ടർ ബോർഡ് രൂപവത്കരിച്ചു. അമീർ സൗദ് ബിൻ അബ്ദുൽ മജീദ് ബിൻ സൗദ് വൈസ് ചെയർമാനും അഹമ്മദ് അബൂബക്കർ ബൽഫഖീഹ് ഫിനാൻഷ്യൽ സൂപ്പർവൈസറും സാലിഹ് അൽശാദി, ഇമാദ് സാരിഅ് എന്നിവർ അംഗങ്ങളുമാണ്.
പ്രഫഷനലുകളെ ആകർഷിച്ചും പിന്തുണച്ചും ആവശ്യമായ പരിശീലന പരിപാടികളും ഉപകരണങ്ങളും വിജ്ഞാനവും നൽകി സംഗീത മേഖലയുടെ മുന്നേറ്റത്തിനും അസോസിയേഷൻ പ്രവർത്തിക്കും.
സാംസ്കാരിക മന്ത്രാലയത്തിെൻറ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലക്കായുള്ള പദ്ധതിക്ക് കീഴിൽ സ്ഥാപിതമായ പ്രഫഷനൽ അസോസിയേഷനുകളിലൊന്നാണ് മ്യൂസിക് അസോസിയേഷൻ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 13 സാംസ്കാരിക മേഖലകളിലായി 16 പ്രഫഷനൽ അസോസിയേഷനുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.




