നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച എട്ട് പ്രവാസികള്‍ അറസ്റ്റിൽ

0
939

കുവൈത്ത് സിറ്റി: നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിക്കുകയും ഇവ സൂക്ഷിക്കുകയും ചെയ്ത എട്ട് പ്രവാസികള്‍ കുവൈത്തില്‍
അറസ്റ്റില്‍. ഏഷ്യക്കാരാണ് പിടിയിലായത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

നിരവധി പ്രവാസികള്‍ വിവിധ നിര്‍മ്മാണ സൈറ്റുകളില്‍ നിന്ന് നിര്‍മ്മാണ വസ്തുക്കള്‍ മോഷ്ടിക്കുകയും ഇവ സ്വകാര്യ സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്യുന്നതായാണ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് നിയമപരമായ അനുവാദം വാങ്ങിയ ശേഷം നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച നിര്‍മ്മാണ സാമഗ്രികള്‍ കയറ്റിറക്ക് നടത്തുന്നതിനിടെ പ്രവാസികള്‍ കയ്യോടെ പിടിയിലാകുകയായിരുന്നു.

മോഷ്ടിച്ച വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലം തിരിച്ചറിയുകയും ഇവ പിടിച്ചെടുക്കുകയും ചെയ്തു. ചെമ്പ് വസ്തുക്കള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് മോഷ്ടിച്ചത്. പ്രതികളെയും പിടികൂടിയ വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.