റിയാദ്: സക്കാകയിലുള്ള കിങ് സൽമാൻ റോയൽ സംരക്ഷിത വന്യജീവി മേഖലയിൽ 27 മാൻ കുഞ്ഞുങ്ങൾ പിറന്നു. ഇതാദ്യമായാണ് ഇത്രയും കുഞ്ഞുങ്ങൾ ഇവിടെ പിറക്കുന്നത്.
വന സംരക്ഷണ നിയമം ശക്തമാക്കിയ ശേഷമാണ് ഇത്രയും പ്രജനനം നടന്നതെന്ന് ഇവിടെയുള്ള മേൽനോട്ടക്കാർ പറഞ്ഞു. മാനുകളെയും വംശനാശ ഭീഷണി നേരിടുന്ന മറ്റ് നിരവധി ജീവജാലങ്ങളെയും മുമ്പ് ജനങ്ങൾ വേട്ടയാടിയിരുന്നു. ഇതുകാരണം നിരവധി ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു എന്ന് പഠനങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്നാണ് സൗദി അറേബ്യയിൽ വനം വന്യജീവി സംരക്ഷണ നിയമം കർശനമാക്കിയത്.
ഇതോടെ പല ജീവജാലങ്ങളുടെയും സംരക്ഷണവും സുരക്ഷയും വനം പരിസ്ഥിതിവകുപ്പ് ഉറപ്പ് വരുത്തി. ഇത് ഇവയുടെ പ്രജനനം ക്രമാതീതമായി വർധിക്കാൻ കാരണമായി. കിങ് സൽമാൻ റോയൽ റിസർവിൽ ഏകദേശം 350 ഓളം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉള്ളതായാണ് കണക്ക്.




