വിമാനത്തില്‍ കുട്ടിക്ക് സീറ്റ് നല്‍കിയില്ല, യാത്രയിലുടനീളം ഉമ്മയുടെ മടിയിൽ; കോഴിക്കോട്-ജിദ്ദ സ്പൈസ് ജെറ്റിനെതിരെ പരാതിയുമായി ഉംറ തീര്‍ഥാടക

0
2192

പരാതിയുടെ കോപ്പി സഊദി സിവിൽ എവിയേഷനും കൈമാറിയിട്ടുണ്ട്

ജിദ്ദ: അഞ്ചു മണിക്കൂറോളം ദൈഘ്യമുള്ള വിമാന യാത്രയിൽ ടിക്കറ്റുണ്ടായിട്ടും കുട്ടിക്ക് സീറ്റ് അനുവദിക്കാത്ത വിമാന ജീബനക്കാർക്കെതിരെ പരാതിയുമായി കുടുംബം. കോഴിക്കോട്-ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. സീറ്റ് നല്‍കിയില്ലെന്ന് കാണിച്ച് യാത്രക്കാരി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കി.

സെപ്തംബര്‍ 12-നു കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്പൈസ് ജെറ്റിന്‍റെ എസ്.ജി 35 വിമാനത്തിലാണ് വിമാന ജീവനക്കാരില്‍ നിന്നും ദുരനുഭവം ഉണ്ടായത്. കുട്ടിയാണെങ്കിലും നിബന്ധനകൾ പ്രകാരമുള്ള വയസ് പിന്നിട്ടത്തിനാൽ മുതിർന്നവരുടെ അതേ തുക നൽകിയാണ് ടിക്കറ്റ് എടുത്തിരുന്നത്.

ഉംറ വിസയില്‍ ഉമ്മയോടൊപ്പം യാത്ര ചെയ്ത സൈഹ എന്ന രണ്ട് വയസിൽ കൂടുതൽ (25 മാസം) പ്രായമുളള കുട്ടിക്ക് സീറ്റ് നല്‍കിയില്ല എന്നാണ് പരാതി. രണ്ട് വയസ് കഴിഞ്ഞത് കൊണ്ട് തന്നെ മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈടാക്കുന്ന തുക ഈടാക്കുകയും, ബോര്‍ഡിംഗ് പാസില്‍ സീറ്റ് നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നിശ്ചിത സീറ്റില്‍ കുട്ടിയെ ഇരുത്താന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. ഇരുത്തിയ സീറ്റിൽ നിന്ന് കുട്ടിയെ എടുക്കാൻ ജീവനക്കാർ ആവശ്യപ്പെടുകയും ചെയ്തു. ബോര്‍ഡിംഗ് പാസ് കാണിച്ച് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുട്ടിയായതിനാല്‍ മടിയില്‍ ഇരുത്തിയാല്‍ മതിയെന്നാണത്രേ എയര്‍ ഹോസ്റ്റസ് നല്കിയ മറുപടി.

കുട്ടിക്ക് സീറ്റിന് അര്‍ഹതയുണ്ടെന്നും, സീറ്റില്‍ ഇരിക്കാന്‍ കുട്ടിക്ക് പ്രയാസമില്ലെന്നും അറിയിച്ചിട്ടും ജീവനക്കാര്‍ പരിഗണിച്ചില്ലെന്ന് കുട്ടിയുടെ ഉമ്മ പറയുന്നു. പ്രമുഖ ട്രാവല്‍ ഏജന്‍സി വഴിയുള്ള ഉംറ ഗ്രൂപ്പ് ബുക്കിംഗിലായിരുന്നു യാത്ര. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും, ലാന്‍ഡ് ചെയ്യുമ്പോഴും ഉള്‍പ്പെടെ കുട്ടിയെ മടിയില്‍ ഇരുത്തേണ്ടി വന്നു. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് തെളിയിക്കുന്ന വീഡിയോയും ഫോട്ടോയും ഉള്‍പ്പെടെത്തി സ്പൈസ് ജെറ്റിന് പരാതി അയച്ചിട്ടുണ്ട്.

ഇവർ നൽകിയ പരാതിയുടെ കോപ്പി സഊദി സിവിൽ എവിയേഷനും കൈമാറിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്കിയിരിക്കുന്നത്. അര്‍ഹമായ സീറ്റ് ലഭിക്കാത്ത ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉൾപ്പെടെ യാത്രക്കാർക് ലഭിക്കേണ്ട പരിഗണനകളും റൈറ്റ്സും നൽകാതെ അവഗണിക്കുന്ന സന്ദർഭങ്ങളിൽ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കാന്‍ യാത്രക്കാര്‍ മുന്നോട്ട് വരണം എന്നാണ് പൊതുപ്രവര്‍ത്തകരും ഈ മേഖലയില്‍ സേവനം ചെയ്യുന്നവരും ആവശ്യപ്പെടുന്നത്.