ആരാധകർക്ക് ആവേശമായി പുതിയ ഐഫോൺ അവതരിച്ചു; ഐഫോൺ 15ന്റെ വിലയും സവിശേഷതകളും അറിയാം

0
6642

ടൈപ്പ്-സി പോർട്ട് ആണ് ഫോണിന് ആപ്പിൾ നൽകിയിരിക്കുന്നത്

ടെക് ലോകം കാത്തിരുന്ന ഐഫോൺ 15 സീരിസ് ഫോണുകളുടെ ലോഞ്ച് നടന്നു. കാലിഫോർണിയ കുപെർട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടന്ന ‘വണ്ടർലസ്റ്റ്’ ഇവന്റിലാണ് ആപ്പിൾ തങ്ങളുടെ പുതിയ ഫോണുകൾ പുറത്തിറക്കിയത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്.

ഫോണുകൾക്ക് പുറമെ ആപ്പിൾ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് ആൾട്രാ 2 എന്നിവയും ആപ്പിൾ പുറത്തിറക്കി. ഐഫോൺ 14 സീരീസുകളിൽ നിന്ന് നിരവധി അപ്ഡേറ്റുകളോടെയാണ് പുതിയ സീരീസ് ഫോണുകൾ എത്തിയിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ ഫോണുകൾക്ക് എത്ര വിലയാകും എന്നതിനെക്കുറിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നിരുന്നാലും യുഎസ് മാർക്കറ്റിലെ വിലയുമായി കൺവേർട്ട് ചെയ്ത് വില കണ്ടുപിടിയ്ക്കാവുന്നതാണ്.

ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. ചടങ്ങിൽ സ്മാർട്ട് ഫോൺ വിഭാഗത്തിൽ ഐഫോൺ 15 സ്റ്റാന്റേർഡ് മോഡൽ ആണ് ആദ്യം അവതരിപ്പിച്ചത്. ഡൈനാമിക് ഐലൻഡ് സാങ്കേതികവിദ്യയോടെയാണ് ഐഫോൺ 15 ആപ്പിൾ അവതരിപ്പിച്ചത്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് ഉണ്ടായിരിക്കും എന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. 6.1 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഫോൺ തയ്യാറാക്കിയിരിക്കുന്നത്. ഐഫോൺ 15 പ്ലസിന് ആകട്ടെ സ്ക്രീൻ വലുപ്പം 6.7 ഇഞ്ച് ആയി ഉയർത്തിയിരിക്കുന്നു.

48-മെഗാപിക്സൽ പ്രൈമറി സെൻസർ ആണ് ആപ്പിൾ രണ്ട് ഫോണിനും നൽകിയിരിക്കുന്നത്. കൂടാതെ ഫോണിൽ പുതിയ 2x ടെലിഫോട്ടോ സൂം സജ്ജീകരിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്ക് ആയി ഉപയോഗിക്കുന്ന ബോക്കെ മോഡിനായി മെച്ചപ്പെട്ട പോർട്രെയ്റ്റ് മോഡും ക്യാമറയിൽ ഉണ്ടായിരിക്കുന്നതാണ്. പോർട്രെയിറ്റ് മോഡിലൂടെ മികച്ച ചിത്രങ്ങൾ പകർത്താൻ സാധിക്കും എന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ഫോണുകളും സെറാമിക് ഗ്ലാസ് കൊണ്ട് സംരക്ഷണം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ആപ്പിൾ ഐഫോൺ 14 പ്രോ മോഡലുകൾക്ക് നൽകിയ എ16 ബയോണിക് ചിപ്പാണ് ഇത്തവണ ഐഫോൺ 15 സ്റ്റാന്റേർഡ് മോഡലിന് നൽകിയിരിക്കുന്നത്. ആയതിനാൽ തന്നെ പുതിയ സീരീസിലെ പ്രോ മോഡലുകൾക്ക് എ17 ചിപ്പുകൾ പ്രതീക്ഷിക്കാവുന്നതാണ്. ഇതിന് പുറമെ തിരക്കേറിയ സ്ഥലങ്ങളിൽ നിങ്ങളുടെ സുഹൃത്തുക്കളെയോ വസ്തുക്കളെയോ തിരയാൻ സഹായിക്കുന്ന രണ്ടാം തലമുറ അൾട്രാ വൈഡ് ബാൻഡ് ചിപ്പും (UWB) ഇതിലുണ്ട്.

നേരത്തെ പുറത്തു വന്ന ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിച്ചത് പോലെ യുഎസ്ബി ടൈപ്പ്-സി പോർട്ട് ആണ് ഫോണിന് ആപ്പിൾ നൽകിയിരിക്കുന്നത്. ഇത് ആദ്യമായാണ് യുഎസ്ബി ടൈപ്പ്-സി പോർട്ട് ഐഫോണിൽ സ്ഥാനം പിടിക്കുന്നത്. യുഎസിൽ 799 ഡോളർ മുതലാണ് ഐഫോൺ 15 സ്റ്റാന്റേർഡ് മോഡലിന്റെ വില ആരംഭിക്കുന്നത്. 15 പ്ലസിന് ആകട്ടെ 899 ഡോളറും ആയിരിക്കും വില. അതായത് ഇന്ത്യൻ മാർക്കറ്റിൽ യഥാക്രമം ഏകദേശം 66,000രൂപ, 74,500രൂപ എന്നിങ്ങനെ.

ഇന്ത്യയിലേത് ഔദ്യോഗിക വിലയല്ല യുഎസ് മാർക്കറ്റിലെ വിലയെ നിലവിലെ വിപണിയുടെ അടിസ്ഥാനത്തിൽ കൺവേർട്ട് ചെയ്തികരിക്കുന്നത് ആണെന്ന് മാത്രം. അടുത്ത ദിവസങ്ങളിൽ തന്നെ ഇന്ത്യൻ മാർക്കറ്റിലെ ഔദ്യോഗിക വില കമ്പനി പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയ്ക്ക് അഞ്ച് കളർ ഓപ്ഷനുകൾ ഉണ്ടായിരിക്കുന്നതാണ് പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലായിരിക്കും ഫോൺ ലഭ്യമാകുക.

സെപ്റ്റംബർ 22 വെള്ളിയാഴ്ച മുതൽ ഉപഭോക്താക്കൾക്ക് ഫോൺ ലഭ്യമാക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഗ്രഹം വഴിയുള്ള റോഡ്‌സൈഡ് അസിസ്റ്റൻസ് ചെയ്യാനുള്ള സവിശേഷതയും പുതിയ മോഡൽ ഫോണുകൾക്ക് ഉണ്ടായിരിക്കുന്നതാണ്. വോയ്‌സ് കോളുകളിൽ ശബ്ദത്തിന് കൂടുതൽ വ്യക്തത നൽകാൻ മെഷീൻ ലേണിംഗ് മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതേ സമയം ചടങ്ങിൽ അവസാനമായാണ് പ്രോ മോഡലുകൾ അവതരിപ്പിച്ചത്. ടൈറ്റാനിയം ബോഡിയോട് കൂടിയാണ് ഐഫോൺ 15 പ്രോ മോഡലുകൾ അവതരിച്ചിരിക്കുന്നത്.