വീട്ടുജോലിക്കായി വന്ന് രോഗാവസ്ഥ മൂലം തൊഴിൽ നഷ്ടമായി; കൊല്ലം സ്വദേശിനി തിരുവോണ നാളിൽ നാടണഞ്ഞു

0
1402

മസ്‌കത്ത്: വീട്ടുജോലിക്കായി വന്ന് രോഗാവസ്ഥ മൂലം തൊഴിൽ നഷ്ടമാകുകയും നാട്ടിലേക്ക് തിരികെ പോകാനാകാതെ ദുരിതത്തിലാവുകയും ചെയ്ത കൊല്ലം ആയൂർ കമ്പംകോട് സ്വദേശിനി ശാന്തിയെ ഒഐസിസി ഒമാൻ നേതാക്കൾ ഇടപെട്ട് നാട്ടിലെത്തിച്ചു.

രണ്ടു മാസത്തിലേറെയായി നാടണയാനുള്ള ശ്രമത്തിലായിരുന്ന ശാന്തിയെ തിരുവോണനാളിൽ തന്നെ നാട്ടിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും യാത്രയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഒ ഐ സി സി ഏറ്റെടുത്തതായും നേതാക്കൾ അറിയിച്ചു. 

ജോലിക്കായി ഇവിടെയെത്തിച്ച ഏജൻസി കയ്യൊഴിഞ്ഞപ്പോൾ ശാന്തിയുടെ വീട്ടുകാർ നാട്ടിൽ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുകയും സഹായം അഭ്യർഥിക്കുകയും ചെയ്തിട്ട് നടപടികൾ ഉണ്ടാകാതെ വന്നപ്പോഴാണ് കമ്പംകോട് പഞ്ചായത്ത് മെമ്പർ ലാലിയും യൂത്ത് കോൺഗ്രസ് നേതാവ് ജോബിനും സമയോചിതമായി ഇടപെട്ട് വിഷയം ഒമാനിലെ ഒഐസിസി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 

സീനിയർ കോൺഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ, ഒഐസിസി ഒമാൻ ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് ചെണ്ടയാട്, ട്രഷറർ സജി ചങ്ങനാശ്ശേരി, സൂർ റീജിയനൽ കമ്മിറ്റി പ്രസിഡന്റ് ശ്രീധർ ബാബു, ജനറൽ സെക്രട്ടറി സമീർ എന്നിവർ അധികാരികളുമായി ബന്ധപ്പെട്ട് വേണ്ട നിയമനടപടികൾ പൂർത്തിയാക്കുകയും വിവരമറിഞ്ഞ് ദിവസങ്ങൾക്കുള്ളിൽത്തന്നെ ശാന്തിയെ നാട്ടിലെത്തിക്കുകയുമായിരുന്നു.

നിരവധി പേരാണ് പലവിധ തട്ടിപ്പുകൾക്കും ചൂഷണങ്ങൾക്കും വിധേയരായി കഷ്ടപ്പെടുന്നത്. തൊഴിലന്വേഷകർ പ്രത്യേകിച്ച് സ്ത്രീകൾ ജോലിക്കായി വിദേശത്തെത്തുന്നതിനുമുമ്പ് സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കണമെന്നും ഒഐസിസി നേതാക്കൾ പറയുന്നു.