ദുബൈ: ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള പൗരന്മാർക്ക് 96 മണിക്കൂർ സ്റ്റോപ്പ് ഓവർ വിസയ്ക്ക് അർഹതയുണ്ടെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രിയും പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം ചെയർമാനുമായ ഡോ: തൗഫീഖ് അൽ റബിയ അറിയിച്ചു. വിസ നടപടികൾ കാര്യക്ഷമമാക്കിയതായി പാകിസ്ഥാൻ, ബംഗ്ലാദേശ് സന്ദർശനത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൂടാതെ, ഉംറ വിസ ഉൾപ്പെടെയുള്ള പുതിയ സഊദി വിസകൾ 24 മണിക്കൂറിനുള്ളിൽ നൽകുന്നുണ്ടെന്നും അൽ റബീഅ കൂട്ടിച്ചേർത്തു. അഞ്ചു ദിന സന്ദർശനത്തിനായി പുറപ്പെട്ട ഹജ്ജ് മന്ത്രി പാകിസ്ഥാൻ, ബംഗ്ളാദേശ് രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുകയും സഊദി അറേബ്യയും പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ആഴമേറിയതും ശാശ്വതവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
ആത്മീയ ഭവനമെന്ന നിലയിൽ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് തടസ്സരഹിതവും അവിസ്മരണീയവുമായ ഉംറ അനുഭവം ഉറപ്പാക്കാൻ സഊദി അറേബ്യ അഗാധമായ പ്രതിജ്ഞാബദ്ധത പുലർത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ്, ഉംറ അനുഭവങ്ങൾ നവീകരിക്കാനുള്ള സഊദി അറേബ്യൻ ഗവൺമെന്റിന്റെ ശ്രമങ്ങൾ തീർഥാടന അനുഭവത്തിൽ ഒരു പുതിയ യുഗം വിളിച്ചറിയിക്കുന്നതായി അറേബ്യൻ ബിസിനസ്സ് റിപ്പോർട്ട് ചെയ്യുന്നു.
യുണൈറ്റഡ് കിംഗ്ഡം (യുകെ), യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്), ഷെൻഗൻ രാജ്യങ്ങളിലെ സാധുവായ വിസ കൈവശമുള്ള വ്യക്തികൾക്ക് ഇ-വിസ സേവനങ്ങൾ ഉൾപ്പെടെയുള്ള പുതിയ സഊദി വിസകൾ ഇപ്പോൾ ലഭ്യമാണ്. യുഎസ്, യുകെ, ഇയു, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ റെസിഡൻസി കൈവശമുള്ള വ്യക്തികൾക്കും സഊദി യാത്ര എളുപ്പമാണ്. സഊദി അറേബ്യ പ്രഖ്യാപിച്ച പുതിയ വിസ പ്രോഗ്രാമിന് കീഴിൽ, സന്ദർശകർക്ക് സ്വതന്ത്രമായി ഉംറ നിർവഹിക്കാനും രാജ്യത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും പ്രകൃതി വിസ്മയങ്ങളും പര്യവേക്ഷണം ചെയ്യാനും അനുവാദമുണ്ട്. കൂടാതെ, ഉംറ വിസയുടെ കാലാവധി 90 ദിവസമാക്കി ഉയർത്തുകയും ചെയ്‌തു.




