ഇന്ത്യൻ അംബാസഡർ ബുറൈദ ഈത്തപ്പഴമേള സന്ദർശിച്ചു

0
878

റിയാദ്: സഊദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ ഇജാസ് ഖാൻ ബുറൈദ ഇൗത്തപ്പഴമേള സന്ദർശിച്ചു. മേള നടക്കുന്ന നഗരത്തിലെത്തിയ അംബാസഡർ ലേലം നടക്കുന്ന വേദി, അനുബന്ധ പ്രവർത്തനങ്ങൾ, വിവിധ പരപാടികൾ, വാങ്ങൽ-വിൽപന പ്രവർത്തനങ്ങൾ, വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈത്തപ്പഴങ്ങളുടെ അളവ് എന്നിവ അദ്ദേഹം വീക്ഷിച്ചു.

മേളയുടെ പ്രവർത്തനങ്ങൾ സംഘാടകർ അംബാസഡർക്ക് വിശദീകരിച്ചുകൊടുത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ഉൾപ്പെടുത്തി മേളയിലൊരുക്കിയ പരിപാടികളെയും പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഒരു പ്രധാന ഭക്ഷ്യ, സാമ്പത്തിക, കാർഷിക പരിപാടിയായി ബുറൈദ ഇൗത്തപ്പഴ മേളയെ വിശേഷിപ്പിച്ചു.

ഖസീം മേഖല പരിസ്ഥിതി-ജല-കൃഷി മന്ത്രാലയ ശാഖയാണ് ബുറൈദ ഈത്തപ്പഴ മേള സംഘടിപ്പിക്കുന്നത്. ഒരോ വർഷവും നടക്കുന്ന മേള രാജ്യത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേളകളിലൊന്നാണ്. ടൺ കണക്കിന് വിവിധയിനം ഈത്തപ്പഴമാണ് മേളയിലെത്തുകയും വിൽപന നടത്തുകയും ചെയ്യുന്നത്. നിരവധി യുവതീയുവാക്കൾ, കരകൗശലത്തൊഴിലാളികൾ, ഗാർഹികോൽപ്പന്ന നിർമാതാക്കൾ എന്നിവരുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികളും സ്റ്റാളുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.