മക്കയിൽ അതിശക്തമായ കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡുകൾ ഉൾപ്പെടെ നിലംപതിച്ചു, കാറ്റിൽ പാറിപ്പറന്ന് വസ്തുക്കൾ, ഓടി രക്ഷപ്പെട്ട് വിശ്വാസികൾ – വീഡിയോ

0
26200

മക്കയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

മക്ക: മക്കയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ കാറ്റും മഴയും തുടരുന്നു. പലയിടങ്ങളിലും ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യബോർഡുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ നിലംപതിച്ചു. ഇതുൾപ്പെടെ വിവിധ വസ്തുക്കൾ കാറ്റിൽ പാറിപ്പറന്ന് പോകുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വിവിധ പ്രാദേശിക അറബ് മാധ്യമങ്ങൾ പുറത്ത് വിട്ടു. മക്കയിൽ വസ്തുക്കൾ പാറുന്നതിനിടെ വിശ്വാസികൾ ഓടി രക്ഷപ്പടുന്നതും കാണാം.

അതിനിടെ, ഇന്ന് രാത്രി 11 മണിവരെ മഴ കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതെതുടർന്ന്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മക്ക, ഹറം പരിസരം, ജുമൂം, അൽ കാമിൽ, ത്വാഇഫ്, അദം, മൈസാൻ, അർളിയാത്ത് ( الجموم – العاصمة المقدسة- الكامل – الطائف – أضم – ميسان – العرضيات ) എന്നീ സ്ഥലങ്ങളിലാണ് മഴ ശക്തിപ്രാപിക്കാൻ സാധ്യത. ശക്തമായ കാറ്റും മിന്നലും മഴയുമാണ് ഈ പ്രദേശങ്ങളിൽ ഇപ്പോൾ ലഭിക്കുന്നത്.

വെളളക്കെട്ടുകൾ, താഴ് വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് വിട്ട് നിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. മക്കയുടെ പല ഭാഗങ്ങളിലും ത്വാഇഫിലും നിരവധി വാഹനങ്ങൾ മഴയിൽ കുടുങ്ങി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീഡിയോ 👇