നെയ്മറിന്റെ പത്താംനമ്പർ ജഴ്സി ചൂടപ്പം പോലെ വിറ്റുപോകുന്നു; ഏഴു മണിക്കൂറി​നിടെ അൽ ഹിലാൽ ജഴ്സി പതിനായിരത്തിലേറെ വിറ്റുപോയി

0
1094

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സഊദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് എത്തിയതോടെ പത്താംനമ്പർ ജഴ്സി ചൂടപ്പം പോലെ വിറ്റുപോകുന്നു. ഏഴു മണിക്കൂറി​നിടെ നെയ്മറുടെ അൽ ഹിലാൽ ജഴ്സി പതിനായിരത്തിലേറെ എണ്ണമാണ് വിറ്റുപോയതെന്ന് ഫ്രഞ്ച് ദിനപത്രമായ എൽ എക്വിപ് വെളിപ്പെടുത്തി.

അൽ ഹിലാലിന്റെ റിയാദിലെ ഒഫീഷ്യൽ സ്റ്റോറിലുള്ള സ്റ്റാഫംഗത്തെ ഉദ്ധരിച്ചാണ് പത്രം ഈ കണക്കുകൾ പുറത്തുവിട്ടത്. ഓൺലൈനിലാണ് വിൽപന നടന്നത്.

‘ആദ്യമായാണ് ഒരു ജഴ്സി ഈ രീതിയിൽ വിൽപന നടക്കുന്നത് ഞാൻ കണ്ടത്. ഓൺലൈൻ വിൽപന പോലെത്തന്നെയായിരുന്നു കടയിലൂടെയുള്ള വിൽപനയും. സ്റ്റോറിൽ നെയ്മറുടെ പേരുവെച്ച് ഉണ്ടായിരുന്ന മുഴുവൻ ജഴ്സിയും മിനിറ്റുകൾക്കകമാണ് വിറ്റുതീർന്നത്’ -സ്റ്റോറിലെ ജീവനക്കാരൻ പറഞ്ഞു.

നെയ്മറിനെ അൽ ഹിലാൽ ഔദ്യോഗികമായി ശനിയാഴ്ച ആരാധകർക്കുമുമ്പാകെ അവതരിപ്പിക്കും. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ തങ്ങളുടെ പുതിയ സൂപ്പർ താരത്തിന് ആവേശകരമായ വരവേൽപ് നൽകാൻ ആരാധകരേറെ എത്തിച്ചേരുമെന്നാണ് അൽ ഹിലാൽ അധികൃതർ കണക്കുകൂട്ടുന്നത്.