സ്വകാര്യ വിമാനം, ബെന്റ്ലി കോണ്ടിനെന്റൽ, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ്, ലംബോർഗിനി ഹുറാകാൻ- എന്നീ കാറുകൾ, 25 കിടപ്പറയുള്ള വീട് – നെയ്മറിന് സഊദിയിൽ ലഭിക്കുന്ന അത്യാഡംബര സൗകര്യങ്ങൾ

0
2507

റിയാദ്: സഊദിയിലെ അൽ ഹിലാലിലെത്തിയ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന് അത്യാഡംബര സൗകര്യങ്ങൾ. പ്രതിവർഷം 100 മില്യൺ യൂറോയാണ് (9020 കോടി രൂപ) നെയ്മറിന് പ്രതിഫലം ലഭിക്കുക.

ഫുട്ബോൾ ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാകുകയാണ് നെയ്മർ. ഇതിനുപുറമെയാണ് സൗദി അറേബ്യയിൽ താരത്തിന് അത്യാഡംബര സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ആകാശ മാർ​ഗം യാത്ര ചെയ്യാൻ സ്വകാര്യ വിമാനം, താമസിക്കാൻ 25 കിടപ്പറയുള്ള വീട് തുടങ്ങിയവ നെയ്മറിന് ലഭിക്കും. 24 മണിക്കൂറും നെയ്മറിന്റെ ഏത് ആവശ്യത്തിനുമായി ജീവനക്കാരെയും ഇവിടെ ഒരുക്കിയിട്ടുണ്ട്. റോഡ് മാർ​ഗം സഞ്ചരിക്കാൻ ബെന്റ്ലി കോണ്ടിനെന്റൽ, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ്, ലംബോർഗിനി ഹുറാകാൻ തുട‌ങ്ങിയ ആഡംബര കാറുകളാണ് നെയ്മറിന് ഒരുക്കിയിരിക്കുന്നത്. ഹോട്ടൽ, റെസ്റ്ററന്റ് ഉൾപ്പടെയുള്ള ബില്ലുകൾ ക്ലബ് നൽകും. സമൂഹമാധ്യമങ്ങളിൽ സൗദി അറേബ്യയുടെ പ്രചാരണത്തിനായി ഓരോ തവണയും 5,00,000 യൂറോ(451 കോടി രൂപ) നെയ്മറിന് നൽകും.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ആറ് വർഷം നീണ്ട കരാറാണ് നെയ്മർ അവസാനിപ്പിച്ചത്. 2025 വരെയാണ് ക്ലബിൽ നെയ്മറിന് കരാറുണ്ടായിരുന്നത്. 2017ല്‍ ലോക ഫുട്‌ബോളിലെ സര്‍വകാല റെക്കോഡ് തുകയ്ക്കാണ് നെയ്മർ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിൽ എത്തിയത്. 243 മില്യണ്‍ ഡോളറായിരുന്നു (2,019 കോടി രൂപ) അന്നത്തെ ട്രാന്‍സ്ഫര്‍. 173 മത്സരങ്ങളില്‍ പിഎസ്ജിക്കായി കളിച്ച നെയ്മർ 118 ഗോളുകൾ നേടിയിട്ടുണ്ട്.