ചരിത്രത്തിൽ ആദ്യമായി രൂപയിലും ദിർഹത്തിലും ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും

0
1393

ഡോളർ ഇടപാട് അവസാനിക്കുന്നുവോ?

അബുദാബി: പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്ന് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് നടപടി. രൂപയിലും ദിർഹത്തിലും വിനിമയം നടത്താൻ ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ധാരണയുടെ ഭാഗമായ ആദ്യ ക്രൂഡോയിൽ വിനിമയം അബുദബിയിൽ നടന്നതായാണ് റിപ്പോർട്ട്. അബുദബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കേർപ്പറേഷനും തമ്മിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇടപാട് നടന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

പൂർണമായും രൂപയും ദിർഹവുമാണ് ഇടപാടിൽ ഉപയോഗിച്ചത്. വിനിമയച്ചെലവ് കുറയാനും, പ്രാദേശിക കറൻസി ശക്തിപ്പെടാനും സഹായിക്കുന്നതാണ് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെന്റ് കരാർ. ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഈ സന്ദര്‍ശനത്തില്‍ ധാരണയായിരുന്നു. മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയത്.