മൂന്നു വർഷത്തേയ്ക്ക് ആയിരിക്കും അനുമതി നൽകുക
മനാമ: ബഹ്‌റൈനിൽ ഡ്രോണുകൾക്ക് നിബന്ധനകളോടെ അനുമതി നൽകുന്ന ആപ്പുകൾ നടപ്പിലാക്കും. ഡ്രോണുകൾ വാങ്ങുന്നതിനും റജിസ്റ്റർ ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്‍റെ ഭാഗമായാണിത്. രാജ്യത്ത് വെബ് അധിഷ്ഠിത ഡ്രോൺ ലൈസൻസിങ് സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. ഡ്രോണുകളുടെ (യുഎവി) റജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഡ്രോൺ സേവനങ്ങൾക്കുള്ള അംഗീകാരവും നടപടി ക്രമങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ഏവിയേഷൻ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഡയറക്ടറേറ്റിനെയും എയറോനോട്ടിക്കൽ ലൈസൻസ് ഡയറക്ടറേറ്റിനെയും സഹായിക്കുന്ന തരത്തിൽ ഒരു വെബ് അധിഷ്ഠിത ഡ്രോൺ ഹബ് സിസ്റ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.ഇത്തരമൊരു സംവിധാനമുണ്ടാക്കാൻ താല്പര്യവും കഴിവുമുള്ള ഡെവലപർമാരെ ക്ഷണിച്ചുകൊണ്ട് ടെൻഡർ പ്രക്രിയ ആരംഭിച്ചു, ഒരു പൊതു പോർട്ടലും സർക്കാർ പോർട്ടലും ഉൾക്കൊള്ളുന്ന ഒരു ദ്വിതല സംവിധാനമാണ് ഈ സംവിധാനത്തിൽ വിഭാവനം ചെയ്യുന്നത്.
പബ്ലിക് പോർട്ടൽ ഉപയോക്താക്കൾക്ക് അവരുടെ ഡ്രോൺ റജിസ്ട്രേഷൻ സമർപ്പിക്കാനുള്ള അവസരം ഉണ്ടാകും.അതെ സമയം തന്നെ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് ആക്സസ് ചെയ്യാവുന്ന തരത്തിൽ അനുബന്ധ മൊബൈൽ ആപ്പും ഉണ്ടാകും. ഡ്രോൺ ഉപയോഗിക്കുന്നവരെ സർക്കാർ സംവിധാനത്തിൽ തന്നെ നിരീക്ഷിക്കാനും ഇത് സഹായിക്കും. അതായത് വ്യക്തികൾക്ക് ഡ്രോണുകൾക്ക് അനുമതി നൽകുമ്പോൾ തന്നെ അവർ അത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തുന്ന തരത്തിലാണ് ഇത് രൂപകൽപന ചെയ്യുന്നത്. എല്ലാ തരാം ഡ്രോണുകളും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ബഹ്‌റൈൻ സിവിൽ ഏവിയേഷൻ വകുപ്പുകളിൽ റജിസ്റ്റർ ചെയ്തിരിക്കണം.
മൂന്നു വർഷത്തേയ്ക്ക് ആയിരിക്കും അനുമതി നൽകുക. ഒരു വിമാനത്താവളത്തിന്റെ അഞ്ച് മൈൽ ചുറ്റളവിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കരുതെന്നും എല്ലായ്പ്പോഴും ഓപറേറ്ററുടെ നിയന്ത്രണത്തിലും സുരക്ഷയിലും ഉണ്ടാകണമെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നു. ജനവാസം അധികമുള്ള പ്രദേശങ്ങളിലോ, കൂടുതൽ ഉയരത്തിലോ പറപ്പിക്കാനോ പാടില്ലെന്നും നിയമ വ്യവസ്‌ഥയും ഉണ്ടാകും. സർക്കാർ നിയന്ത്രണത്തിൽ ആണെങ്കിലും ഡ്രോണുകൾക്ക് അനുമതി ലഭിക്കുമെന്ന വാർത്ത ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ്.




