ശക്തമായ കാറ്റിലും മഴയിലും മലയാളികൾക്കടക്കം നിരവധി പേർക്ക് കനത്ത നാശനഷ്ട്ടം

0
1968

ഷാർജ: യുഎഇയുടെ ചില ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയാളികൾക്കടക്കം നിരവധി പേർക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ വാഹനങ്ങൾക്കും വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയുമുണ്ടായി. നാശനഷ്ടങ്ങൾ തടയാൻ അധികൃതർ  ഊർജിത ശ്രമമാണ് നടത്തിയത്.

ഇന്നലെയുണ്ടായ കാറ്റിലും മഴയിലും ഷാർജ റോളയിലേയും ദുബായ് അൽഖൂസിലേയും കടകമ്പോളങ്ങളുടെയും മറ്റും നെയിം ബോർഡുകൾ ഇളകി വീഴുകയും സാധന സാമഗ്രികൾ പറന്നുപോവുകയും ചെയ്തു.  തങ്ങളുടെ സാധനങ്ങൾ കൈക്കലാക്കാൻ മലയാളികളും പാക്കിസ്ഥാനികളുമടക്കമുള്ള വ്യാപാരികൾ ശ്രമിക്കുന്ന വിഡിയോയും മറ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. കൊടുങ്കാറ്റാണ് വീശുന്നതെന്ന് ഒരു മലയാളി  പറയുന്നതും ഒരു വിഡിയോയിൽ കേൾക്കാം. 

വെള്ളിയാഴ്ച അബുദാബിയിലെ അൽ ഹയാർ ഭാഗത്ത് ഒരു സൈൻപോസ്റ്റ് കാറിന് മുകളിൽ വീണു. ഭാഗ്യത്തിനാണ് കാറിലെ യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടത്. വെള്ളിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. മണൽക്കാറ്റും ആലിപ്പഴവും കനത്ത മഴയും ശക്തമായ കാറ്റും പല എമിറേറ്റുകളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കി.

ദുബായ് ഹിൽസ് എസ്റ്റേറ്റിലെ അടക്കം എമിറേറ്റിൽ കടപുഴകി വീണ മരങ്ങൾ മുനിസിപ്പാലിറ്റി ജീവനക്കാർ  നീക്കം ചെയ്തു. മറ്റ് എമിറേറ്റുകളിലും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചവരെ സഹായിക്കാനും അധികൃതർ പ്രവർത്തിക്കുന്നുണ്ട്. മിക്ക വ്യാപാരികൾക്കും കൃത്യമായ ഇൻഷുറൻസ് ഉള്ളതിനാൽ നഷ്ടക്കണക്ക് വലുതാകില്ലെന്നാണ് പ്രതീക്ഷ.