ആ ആറുവയസ്സുകാരി മരിച്ചു; മൃതദേഹം അടിച്ചൊടിച്ച് ചാക്കിൽ കെട്ടിയനിലയിൽ തള്ളി

0
6006

ആലുവ: അസം സ്വദേശി തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയായ ആറുവയസ്സുകാരി ചാന്ദ്നിയെയാണ് അക്രമികൾ കൊലപ്പെടുത്തി ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ചു. മൃതദേഹം അടിച്ചൊടിച്ച് ചാക്കിൽ കെട്ടിയാണ് ഇവി​ടെ തള്ളിയത്.

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് ആലുവ ചൂർണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകര മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാം പർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെ (6) അസം സ്വദേശി അഫ്സാഖ് ആലം തട്ടിക്കൊണ്ടുപോയത്. തായിക്കാട്ടുകര യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി.

കുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. സുഹൃത്തിന്‍റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങിയെന്നാണ് അഫ്സാഖ് ആലം മൊഴി നൽകിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്സാഖ് ആലത്തിനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സക്കീർ ഹുസൈൻ എന്നയാൾക്കാണ് കുട്ടിയെ കൈമാറിയതെന്നാണ് പ്രതി നൽകിയ മൊഴി. സുഹൃത്തായ തൊഴിലാളിയാണ് ഇടനിലക്കാരനായത്.

കുട്ടിയെ കാണാതായ സമയം മാതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികൾ മാത്രമുള്ളപ്പോൾ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വൈകീട്ട് അഞ്ചരക്കാണ് കുട്ടിയെ കാണുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.

പ്രതി അഫ്സാഖ് ആലം കുട്ടിയെയും കൂട്ടി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇയാൾ രണ്ട് ദിവസം മുൻപാണ് ജോലി അന്വേഷിച്ച് ഇവിടെ എത്തിയത്. ഇയാളെ കുറിച്ച് ആർക്കും കൂടുതൽ വിവരമുണ്ടായിരുന്നില്ല.

പിതാവ് ആലുവ ഭാഗത്ത് ട്രസ് വർക്ക് ചെയ്യുന്നയാളാണ്. അമ്മ വീട്ടുജോലിക്കാരിയാണ്. നാലു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ്. കുട്ടികൾ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയുടെ കൈയ്യിൽ പിടിച്ച് കൊണ്ടു പോയത്.

തായിക്കാട്ടുകര റെയിൽവേ ഗേറ്റിന് സമീപത്തെ കോഴിക്കടയിൽ രണ്ട് ദിവസം മുമ്പ് പണിയന്വേഷിച്ചെത്തിയതാണ് അഫ്സാഖ് ആലം. ഇവിടത്തെ മറ്റൊരു അസം സ്വദേശിയുമായി ഇയാൾക്ക് പരിചയമുണ്ടായിരുന്നു. ഇതേതുടർന്ന് കോഴിക്കട ഉടമ കടയുടെ മുകളിൽ താമസിക്കാൻ സൗകര്യം നൽകി. സമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്നതാണ് ബിഹാറി കുടുംബം.