റിയാദ്: സഊദിയിൽ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി റെയ്ഡ് നടത്തി. അതോറിറ്റി കഴിഞ്ഞ മാസം നടത്തിയ പരിശോധനകളിൽ 128 നിയമ ലംഘനങ്ങൾ കണ്ടെത്തി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മേൽനോട്ട പരിധിയിൽ വരുന്ന 4,719 സ്ഥാപനങ്ങളിലാണ് ജൂൺ മാസത്തിൽ അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയത്.
ഭക്ഷ്യവസ്തു മേഖലയിൽ പ്രവർത്തിക്കുന്ന 3,052 സ്ഥാപനങ്ങളിലും കാലിത്തീറ്റയും കീടനാശിനികളും വിൽക്കുന്ന 193 സ്ഥാപനങ്ങളിലും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിൽപന നടത്തുന്ന 1,471 സ്ഥാപനങ്ങളിലും 726 നിയമവിരുദ്ധ വെയർ ഹൗസുകളിലും മറ്റു സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ മാസം പരിശോധനകൾ നടത്തിയത്.
ലൈസൻസില്ലാത്തതിനും ഗുരുതരമായ നിയമ ലംഘനങ്ങൾക്കും 17 സ്ഥാപനങ്ങൾ അടപ്പിച്ചു. ഫാക്ടറികളിലെ മൂന്നു ഉൽപാദന യൂനിറ്റുകൾ അടപ്പിക്കുകയും 667 കിലോ വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.




