വിമാനം പറന്നുയരുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു: 11 യാത്രക്കാർക്ക് പരിക്ക്

0
3362

വിമാനത്തിൽ 17 ജീവനക്കാരും 293 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്

ഹോങ്കോങ്: വിമാനം പറന്നുയരുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് 11 യാത്രക്കാർക്ക് പരിക്കേറ്റു. ഹോങ്കോങ്ങിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കാഥേ പസഫിക്കിന്റെ സിഎക്‌സ് 880 വിമാനമാണ് അപകടത്തിൽ പെട്ടത്. സാങ്കേതിക തകരാർ കാരണം വിമാനം ടേക്ക് ഓഫ് നിർത്തിയതായി കാത്തേ പ്രസ്താവനയിൽ പറഞ്ഞു.

ഹോങ്കോങ്ങിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള വിമാനത്തിൽ 17 ജീവനക്കാരും 293 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഒരു സാങ്കേതിക തകരാർ ക്രൂ കണ്ടെത്തിയതിനെത്തുടർന്ന് സ്റ്റാൻഡേർഡ് നടപടിക്രമങ്ങൾക്കനുസൃതമായി ടേക്ക് ഓഫ് നിർത്തിവെക്കുകയായിരുന്നു.

വിമാനം ഗേറ്റിലേക്ക് മടങ്ങിയതിന് ശേഷം മുൻകരുതലായി യാത്രക്കാരെ ഒഴിപ്പിച്ചതായും അഞ്ച് ഡോർ എസ്‌കേപ്പ് സ്ലൈഡുകൾ ഉപയോഗിച്ച് യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തുകടന്നതായും പ്രസ്താവന പറയുന്നു. യാത്രക്കാരെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റ 11 യാത്രക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടത്തിൽ പരിക്കെറ്റ എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരിപാലിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണനയെന്നും കമ്പനി അറിയിച്ചു.

വിമാനത്തിന്റെ ടയറുകളിൽ ഒന്ന് അമിതമായി ചൂടായതിനാൽ അത് പൊട്ടിത്തെറിച്ചതായി പോലീസിനെ ഉദ്ധരിച്ച് പബ്ലിക് ബ്രോഡ്കാസ്റ്റർ ആർടിഎച്ച്കെ റിപ്പോർട്ട് ചെയ്തു.