കസ്‌റ്റംസ്‌ പരിശോധനയില്ലാതെ മൂന്ന് അന്താരാഷ്‌ട്ര വിമാനങ്ങൾ യാത്രക്കാരുമായി പറന്നുയർന്നു

ദുബൈയിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ എഎസ്‌എഫ് ഉദ്യോഗസ്ഥർ തടഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളുടെ ബാക്കിപത്രമാണ് സംഭവം

0
24897

സഊദി എയർലൈൻസിന്റെ ഹജ്ജ് വിമാനം എസ് വി 3701 കസ്റ്റംസ് ക്ലിയറൻസ് ഇല്ലാതെ പുറപ്പെട്ട വിമാനങ്ങളിൽ ഉൾപ്പെടുന്നു

ലാഹോർ: കസ്റ്റംസും എയർപോർട്ട് സെക്യൂരിറ്റി ഫോഴ്സും (എഎസ്എഫ്) തമ്മിലുള്ള തർക്കത്തിന്റെ ഫലമായി കസ്‌റ്റംസ്‌ പരിശോധനയില്ലാതെ മൂന്ന് വിമാനങ്ങൾ യാത്രക്കാരുമായി പറന്നുയർന്നു. പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാതെ മൂന്ന് അന്താരാഷ്ട്ര വിമാനങ്ങൾ പുറപ്പെട്ടത്. സഊദി എയർലൈൻസിന്റെ ഹജ്ജ് വിമാനം എസ് വി 3701 കസ്റ്റംസ് ക്ലിയറൻസ് ഇല്ലാതെ പുറപ്പെട്ട വിമാനങ്ങളിൽ ഉൾപ്പെടുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ദുബൈയിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ എഎസ്‌എഫ് ഉദ്യോഗസ്ഥർ തടഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളുടെ ബാക്കിപത്രമാണ് സംഭവം. മത്സ്യവും ചെമ്മീനും ഉൾപ്പെടെയുള്ള കടൽ വിഭവങ്ങളുമായി എത്തിയ ദുബൈ യാത്രക്കാരനെ എ എസ് എഫ് തടഞ്ഞതോടെ യാത്രക്കാരും എഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി.

അതിനിടെ, എഎസ്എഫ് ഉദ്യോഗസ്ഥർ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിക്കുകയുംകൈവിലങ്ങിട്ട് യാത്ര തടയുകയും ചെയ്‌തു. സൊഹൈൽ ഡാനിഷ് എന്ന യാത്രക്കാരനെ പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി. എന്നാൽ, കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ദുബൈയിലേക്കുള്ള വിമാനത്തിൽ കയറാൻ അനുവദിച്ചു. പക്ഷെ, ഇതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ക്ലിയർ ചെയ്യുമ്പോഴേക്കും ഡാനിഷിന്റെ വിമാനം യാത്ര പുറപ്പെട്ടിരുന്നു. ഡാനിഷിന്റെ കൈവശം നിരോധിത വസ്തുക്കളൊന്നും ഇല്ലെന്ന് ബന്ധപ്പെട്ട കസ്റ്റംസ് ഓഫീസർ പരിശോധിച്ചതായി കസ്റ്റംസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, റിപ്പോർട്ട് സമർപ്പിച്ച കസ്റ്റംസ് ഓഫീസർ പിറ്റേന്ന് രാവിലെ ഡ്യൂട്ടിക്ക് എത്തിയപ്പോൾ, എഎസ്എഫ് ഉദ്യോഗസ്ഥർ വിമാനത്താവള പരിസരത്ത് പ്രവേശിക്കുന്നത് തടയുകയും എയർപോർട്ട് പ്രവേശന പാസ് റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

എയർപോർട്ട് സെക്യൂരിറ്റി ഫോഴ്‌സിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച്, മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ അവരുടെ ജോലി നിർത്തി അന്താരാഷ്ട്ര ലോഞ്ച് ഏരിയയ്ക്ക് പുറത്ത് ഒത്തുകൂടി പ്രതിഷേധം തുടങ്ങി. പ്രതിഷേധത്തെത്തുടർന്ന്, ജിന്ന ടെർമിനൽ ഇന്റർനാഷണൽ ലോഞ്ചിലെ കസ്റ്റംസ് കൗണ്ടർ രാവിലെ 8 മുതൽ 10 വരെ രണ്ട് മണിക്കൂറോളം അടച്ചിട്ടിരുന്നു. തൽഫലമായി, മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളിലെ നൂറുകണക്കിന് യാത്രക്കാർ കസ്റ്റംസ് ക്ലിയറൻസിന് വിധേയരാകാതെ പുറപ്പെട്ടു.

സഊദി എയർലൈൻസിന്റെ ഹജ്ജ് വിമാനം എസ് വി 3701 ന് പുറമേ, ദോഹയിലേക്കുള്ള ഖത്തർ എയർലൈൻസ് ഫ്ലൈറ്റ് ക്യുആർ 611, ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനം ജി 9543 എന്നിവയും കസ്‌റ്റംസ്‌ ക്ലിയറൻസ് പൂർത്തിയാക്കാതെ യാത്രക്കാരുമായി പറന്നത്. പിന്നീട് കസ്റ്റംസിലെയും എഎസ്‌എഫിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഡ്യൂട്ടി പുനരാരംഭിച്ചു.

അതേസമയം, സ്റ്റാൻഡിംഗ് ഓപ്പറേഷൻ നടപടിക്രമങ്ങൾക്കനുസൃതമായി സംശയാസ്പദമായതിനാലാണ് യാത്രക്കാരനായ സുഹൈൽ ഡാനിഷിന്റെ ലഗേജ് തടഞ്ഞതെന്ന് എഎസ്എഫ് വക്താവ് പറഞ്ഞു. സംശയാസ്പദമായ ബാഗേജുകൾ സ്വമേധയാ പരിശോധിച്ചതിന് ശേഷം മാത്രമേ യാത്രക്കാർക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. സുരക്ഷാ പരിശോധന തെരച്ചിലുമായി സഹകരിക്കാൻ ഡാനിഷ് വിസമ്മതിച്ചെന്നും ഇത് സംശയാസ്പദമായ ലഗേജുകൾ സഹിതം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിലേക്ക് നയിച്ചെന്നും വക്താവ് പറഞ്ഞു.

അതേസമയം, സഹയാത്രികരുടെ മുന്നിൽ വെച്ച് എഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി ഡാനിഷ് എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നീണ്ട അനിശ്ചിതത്വമാണ് തന്റെ വിമാനം നഷ്ടപ്പെടുത്താൻ കാരണമായതെന്നും അദ്ദേഹം അവകാശപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക