ജുബൈൽ: ലേബർ ഓഫീസർമാരുടെയും ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകന്റെയും സന്ദർശനം തൊഴിലാളികൾക്ക് ആശ്വാസമായി. രണ്ടായിരം ഇന്ത്യക്കാരടക്കം പന്ത്രണ്ടായിരം തൊഴിലാളികൾ ജോലി ചെയ്തു വരുന്ന ഒരു പ്രമുഖ കമ്പനിയിലെ ജോലിക്കാർക്കാണ് ഇവരുടെ ഇടപെടൽ ആശ്വാസമായത്. ജോലിക്കാരിൽ അധിക പേർക്കും അഞ്ച് മാസത്തോളമായി ശമ്പളം ലഭിക്കാതെ പ്രയാസത്തിലായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശ്നം അനന്തമായി നീണ്ടുപോകുന്നുവെന്ന് മനസിലാക്കിയ തൊഴിലാളികൾ ജുബൈലിലെ അൽജുഐമ ലേബർ ഓഫീസിനെ പ്രശ്നം അറിയിക്കുകയായിരുന്നു. പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മുതിർന്ന ലേബർ ഓഫീസർ ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് കമ്പനി സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കാനായി സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ ജനസേവന വിഭാഗം പ്രവർത്തകനുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയോട് അഭ്യർത്ഥിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ സൈഫുദ്ധീൻ പൊറ്റശ്ശേരി മറ്റ് രണ്ട് ലേബർ ഓഫീസർമാർക്കൊപ്പം കമ്പനി അധികൃതരുമായി നേരിട്ട് ചെന്ന് കണ്ട് കൂടിക്കാഴ്ച നടത്തുകയും വിവരങ്ങളാരായുകയും ചെയ്തു. കൂടാതെ, തൊഴിലാളികളേയും നേരിട്ട് സന്ദർശിച്ച് പ്രശ്നങ്ങൾ അന്വേഷിച്ചറിഞ്ഞപ്പോൾ ശമ്പളം നൽകുന്നതിലുള്ള കാലതാമസവും മറ്റ് ചട്ട ലംഘനങ്ങളും കണ്ടെത്തി. ചട്ടലംഘനങ്ങളുടെയും ശമ്പള വിതരണത്തിലുള്ള കാലതാമസത്തിന്റെയും ഭാഗമായ അനന്തര നിയമ നടപടികളും സാമ്പത്തിക പിഴകളെക്കുറിച്ചും കമ്പനി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വന്നതോടെ ഒരു മാസത്തിനകം എല്ലാം പരിഹരിച്ച് ശരിയാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരിശോധനക്ക് വരുമെന്ന മുന്നറിയിപ്പും നൽകി മടങ്ങി.
ഭാവിയിൽ പ്രശ്നങ്ങളുണ്ടായാൽ ഇന്ത്യൻ എംബസിയെ അറിയിക്കാനായി ഇമെയ്ൽ വിലാസവും ഇക്കാമ കാലാവധി കഴിഞ്ഞവർക്ക് ഫൈനൽ ഏക്സിറ്റ് ലഭിക്കാനായി റജിസ്റ്റർ ചെയേണ്ടുന്ന ലിങ്കും സൈഫുദ്ദീൻ പൊറ്റശ്ശേരി തൊഴിലാളികൾക്ക് നൽകി. മറ്റു മാർഗ്ഗ നിർദ്ദേശങ്ങളും വ്യക്തമാക്കി കൊടുത്തു. ലേബർ ഓഫീസിന്റെയും ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകന്റെയും അവസരോചിതമായ ഇടപെടൽ നിമിത്തം ആസന്ന ഭാവിയിൽ എല്ലാം ശരിയാവുമെന്ന ശുഭപ്രതീക്ഷയിലും ആശ്വാസത്തിലുമാണ് മുഴുവൻ തൊഴിലാളികളും. എല്ലാം ക്ലിയറാക്കാമെന്ന് കമ്പനി അധികൃതരുടെ ഉറപ്പ് നടപ്പിലാകുമെന്നെ പ്രതീക്ഷയിൽ കഴിയുകയാണ് തൊഴിലാളികൾ.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




