മയക്കുമരുന്ന് കേസിൽപെട്ട് മലയാളി വിദ്യാർഥികളടക്കം നിരവധി പേർ സഊദി ജയിലുകളിൽ

0
3788

ദമാം: മയക്കുമരുന്ന് കേസിൽപെട്ട് മലയാളി വിദ്യാർഥികളടക്കം നിരവധി പേർ സഊദി ജയിലിലടക്കപ്പെട്ടതായി സാമൂഹ്യ പ്രവർത്തകർ. മയക്കു മരുന്നിനെതിരെ പ്രതിരോധം തീർക്കുക എന്ന പേരിൽ ദമാം ബദർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ സംസാരിക്കുകയായിരുന്നു അവർ. കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ മയക്കു മരുന്ന് കേസുകൾ വർധിച്ചു വരുന്നതായും, പിടിക്കപ്പെടുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും സാമൂഹ്യ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിടുകൂടുന്നവരിൽ കൂടുതലും യുവാക്കളും വിദ്യാർഥികളുമാണെന്നത് ഞെട്ടിക്കുന്ന താണെന്നും ഇക്കാര്യത്തിൽ രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും സംഘടനകളും സമൂഹത്തിനിടയിൽ ശക്തമായ ബോധവൽക്കരണം നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും അവർ അഭ്യർഥിച്ചു.

മുൻകാലങ്ങളിൽ ഒന്നും കാണാത്ത വിധം യുവാക്കളിൽ മയക്കു മരുന്ന് ഉപയോഗം വർധിച്ചിട്ടുണ്ട്. ഇത് സമൂഹത്തിൽ ദൂരവ്യാപകമായ വിപത്താണ് സൃഷ്ടിക്കുന്നത്. കമ്യൂണിറ്റി സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഇതര രാജ്യക്കാരായ റാക്കറ്റുകൾ വിദ്യാർഥികളെ വലവീശി പിടിക്കുകയും ഈ ചങ്ങലയിൽ കണ്ണികളാക്കി ഒരിക്കലും പിന്തിരിയാൻ കഴിയാത്ത വിധം വരിഞ്ഞു മുറുക്കുന്നതായും സാമൂഹ്യ പ്രവർത്തകർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിലെ ചില രക്ഷിതാക്കൾ സാമൂഹ്യ പ്രവർത്തകരെ സമീപിച്ചു തങ്ങളുടെ മക്കളെ കുറിച്ച് ഒരാഴ്ചയായി ഒരു വിവരവുമില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ഇവർ എത്തപ്പെട്ട ഏറ്റവും അപകടകരമായ അവസ്ഥയെ കുറിച്ച് അറിയുന്നത്. ഓൺലൈൻ മാർഗം ഓർഡർ നൽകുകയും പണം സ്വീകരിക്കുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഇത്തരം സാധനങ്ങൾ ഒളിപ്പിച്ചു വെച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി ലോക്കേഷൻ നൽകുകയും ചെയ്യുന്ന വിൽപന രീതിയാണ് ഇവർ കൈക്കൊള്ളുന്നത്.

കുടുംബങ്ങൾക്കും സമൂഹത്തിനും വെല്ലുവിളിയായി തീർന്നിരിക്കുന്ന മയക്കുമരുന്ന് എന്ന ഈ സാമൂഹ്യ വിപത്തിനെ തുരത്താൻ അധികൃതർക്കൊപ്പം പ്രവാസി സമൂഹം ശക്തമായി നിലകൊള്ളണമെന്നും ഇതിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ ആവിഷ്‌കരിക്കണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.

സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, സിറാജ് പുറക്കാട്, ഷാജി മതിലകം, ലോക കേരളസഭ അംഗങ്ങളായ ആൽബിൻ ജോസഫ്, ബിജു കല്ലുമല, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ റഫീഖ് കൂട്ടിലങ്ങാടി, നൗഷാദ് തഴവ, ബീൻസ് മാത്യു എന്നിവർ ടേബിൾ ടോക്കിൽ സംബന്ധിച്ചു. ഹബീബ് ഏലംകുളം മോഡറേറ്റർ ആയിരുന്നു.

——- ——– ——– ——— ———- ——

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക