ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മദീനയിൽ; ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ വരവും ഇന്ന് തുടങ്ങും

0
1815

മദീന: ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മദീനയിൽ. മലേഷ്യയിൽ നിന്നുള്ള സംഘമാണ് ഇന്നെത്തിയത്. രണ്ട് വിമാനങ്ങളിലായി
567 തീർത്ഥാടകരാണ് എത്തിയത്.

ഹജ് തീർഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടികൾ യാത്ര തിരിക്കുന്നതിനു മുമ്പ് സ്വദേശങ്ങളിൽ നിന്ന് തന്നെ പൂർത്തിയാക്കുന്ന ‘മക്ക റൂട്ട്’ പദ്ധതിയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ആദ്യമായി മദീനയിൽ ഇറങ്ങിയത്.

ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ വരവും ഇന്ന് തുടങ്ങും. ഇന്ന് നാല് വിമാനങ്ങളാണ് ഇന്ത്യയിൽ നിന്നുള്ളത്. കേരളത്തിൽ നിന്നുള്ള ഹജിമാരുടെ ആദ്യ സംഘം അടുത്ത മാസം ആദ്യ വാരം എത്തും. ജൂൺ 22ന് രാത്രി വരെ തീർഥാടകരുടെ വരവ് തുടരും.

ഇന്ത്യൻ ഹാജിമാരുടെ സംഘം ഉച്ചക്ക് ഒന്നരയോടെയാണ് മദീനയിലെത്തുക. വിമാനങ്ങൾ കൊൽകത്ത, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നാണ്. മദീനയിലെത്തുന്ന തീർഥാടകർ ഇവിടെ സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തും. ജിദ്ദയിൽ നിന്നാകും നാട്ടിലേക്ക് മടക്കം.

കേരളത്തിൽ നിന്നുള്ള ഹാജിമാർ ജിദ്ദയിലാണ് എത്തുക. ഇവർ നേരിട്ട് മക്കയിലേക്ക് പോകും. ഹജ്ജിന് ശേഷമാണ് ഇവർ മദീന സന്ദർശനത്തിന് പുറപ്പെടുക. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര തുടങ്ങുക.