സഊദിയിൽ മതകാര്യ പോലീസിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; സെലിബ്രിറ്റിയായ യുവതിക്കെതിരെ നടപടി

0
2716

ജിദ്ദ: സഊദിയിൽ മതകാര്യ പോലീസിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പൊതുവികാരം ഇളക്കിവിട്ട സെലിബ്രിറ്റിയായ
യുവതിക്കെതിരെ നടപടി സ്വീകരിച്ചു. ഓൺലൈൻ പ്രസിദ്ധീകരണ നിയമവും സൈബർ ക്രൈം നിയമവും ലംഘിക്കുന്ന ഏതൊരാൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ പറഞ്ഞു.

സോഷ്യൽ മീഡിയ സെലിബ്രിറ്റി സാമൂഹികമാധ്യമങ്ങളിലൂടെ കിംവദന്തി പ്രചരിപ്പിച്ചത് കമ്മീഷന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും സൈബർ ക്രൈം നിയമം ലംഘിച്ചത് കണക്കിലെടുത്ത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നെന്ന് കമ്മീഷൻ പറഞ്ഞു.

അതേസമയം, മതകാര്യ പോലീസ് ഏജൻസിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികൾ ശരിയല്ലെന്ന് മതകാര്യ പോലീസ് പറഞ്ഞു. നിയമ, നിർദേശങ്ങൾക്കനുസരിച്ച് മതകാര്യ പൊലീസ് പ്രവർത്തനങ്ങൾ തുടരുന്നതായും മതകാര്യ പോലീസ് ഏജൻസി പറഞ്ഞു.

മറ്റാരുമില്ലാത്ത സ്ഥലത്ത് ഒറ്റക്ക് സമയം ചെലവഴിക്കുന്നതിനിടെ മതകാര്യ പോലീസിന്റെ പിടിയിലാകുന്ന കാമുകീകാമുകന്മാരെ ആയിരം റിയാൽ പരമാവധി മഹർ (വിവാഹമൂല്യം) നിശ്ചയിച്ച് രണ്ടു വർഷത്തേക്ക് വിവാഹത്തിന് നിർബന്ധിക്കുമെന്നും ഇത് പാലിക്കാത്തവർക്ക് പത്തു വർഷം തടവും ചാട്ടയടിയും നൽകുമെന്നുമാണ് സെലിബ്രിറ്റി പ്രചരിപ്പിച്ചത്.

പൊതുജനവികാരം ഇളക്കിവിടുന്ന മറ്റു കിംവദന്തികളും ഇവർ പ്രചരിപ്പിച്ചു. കൂടാതെ സർക്കാർ വകുപ്പുകളെ അപകീർത്തിപ്പെടുത്തുകയും ചെയ്തു.