പ്രണയാഭ്യർത്ഥനയുമായി നിരന്തരം പിന്നാലെ നടന്ന് പെൺ കുട്ടിയെ ശല്യപ്പെടുത്തി, അവസാനം മർദ്ദനവും; പ്രതിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിക്ക് യുവാവിൻ്റെ മർദ്ദനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് അറസ്റ്റിലായത്. വെട്ടൂർ സ്വദേശിയായ പെൺകുട്ടിക്കാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വർക്കലയിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

പെൺകുട്ടി ട്യൂട്ടോറിയൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പെൺകുട്ടിയെ പിന്തുടർന്നെത്തി മർദ്ദിച്ചെന്നാണ് കേസ്. പ്രണയാഭ്യർത്ഥനയുമായി നിരന്തരം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇന്നലെ സ്കൂളിലേക്ക് പോകും വഴി ബസിൽ വച്ച് ശല്യം ചെയ്തതായും പരാതിയിൽ പറയുന്നു. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ യുവാവ് നടുറോഡിൽ വച്ച് പെൺകുട്ടിയുടെ മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചുവെന്നാണ് പരാതി.

യുവാവിൻ്റെ അടിയിൽ പെൺകുട്ടി നിലത്ത് വീണ് തലക്കും ചെവിക്കും പരുക്കേറ്റിട്ടുണ്ട്. അക്രമത്തിന് ശേഷം കൃഷ്ണരാജ് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് ഉടനെ പെൺകുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പെൺകുട്ടിയുടെ പരുക്ക് ഗുരുതരമല്ല. പോക്സോ നിയമ പ്രകാരം കൃഷ്ണ രാജിനെതിരെ വർക്കല പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.