ഹൂസ്റ്റണ്‍: ഒമാന്‍ തീരത്ത് അമേരിക്കന്‍ എണ്ണക്കപ്പല്‍ ഇറാന്‍ പിടികൂടി. ഇതില്‍ ഒരു മലയാളി ഉള്‍പ്പെടെ 24 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇറാന്‍ നാവിക സേന പിടിച്ചെടുത്ത കപ്പല്‍ തുറമുഖത്തേക്ക് മാറ്റി. മോചനത്തിനുള്ള നടപടികള്‍ തുടരുകയാണെന്ന് കപ്പലിന്റെ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാർ. ഇവരിൽ എറണാകുളം കൂനമ്മാവ് പുതുശേരി എഡ്വിൻ (27), കപ്പലിലെ ഫോർത്ത് ഓഫിസറായ കടവന്ത്ര പള്ളിപ്പറമ്പിൽ വീട്ടിൽ ജിസ്മോൻ ജോസഫ് (31), ഫോർത്ത് എൻജിനീയർ മലപ്പുറം ചുങ്കത്തറ കോട്ടേപ്പാടം തടത്തേൽ സാം സോമൻ (29) എന്നിവരാണു മലയാളികൾ. കുവൈത്തില്‍ നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്.
പസിഫിക് മേഖലയിലെ മാർഷൽ ഐലൻഡ്സിൽ ചൈനീസ് ഉടമസ്ഥതയിൽ റജിസ്റ്റർ ചെയ്ത കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തതായാണു വിവരം. ഒരു ബോട്ടിൽ ഇടിച്ചശേഷം നിർത്താതെ പോകാൻ ശ്രമിച്ചപ്പോൾ കപ്പൽ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ഇറാന്റെ വാദം. ബോട്ടിലുണ്ടായിരുന്ന 2 പേരെ കാണാതാകുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈയിലെ നോർത്തേൺ മറൈൻ ഷിപ്പിങ് കമ്പനിയിൽനിന്നാണ് എഡ്വിന്റെയും ജിസ്മോന്റെയും സാമിന്റെയും വീടുകളിൽ വിളിച്ചു വിവരം അറിയിച്ചത്. ജീവനക്കാരെ ബന്ധപ്പെടാനായിട്ടില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു. കപ്പൽ ഇറാൻ നാവികസേനയുടെ പിടിയിലാകുന്നതിനു മണിക്കൂറുകൾക്കു മുൻപു ജിസ്മോൻ വീട്ടിലേക്കു വിളിച്ചിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ കഴിഞ്ഞയാഴ്ച പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ശക്തമാക്കിയതിനു പിന്നാലെയാണ് ഇറാന്റെ നടപടി.
മാര്‍ഷല്‍ ദ്വീപുകളുടെ എണ്ണക്കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്‍ ബോട്ടുമായി കൂട്ടിയിടിച്ച് നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പിടിച്ചെടുത്തുവെന്നാണ് ഇറാന്‍ സൈന്യം വിശദീകരിക്കുന്നത്. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ ബോട്ടുമായി കൂട്ടിയിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ വെച്ച് എണ്ണക്കപ്പല്‍ ഇറാന്‍ സൈന്യത്തിന്റെ നാവിക സേന പിടിച്ചെടുത്തതെന്നും ഇറാന്റെ സൈനിക പ്രസ്താവനയില്‍ അറിയിച്ചു. ബോട്ട് ജീവനക്കാരില്‍ രണ്ടുപേരെ കാണാതായതായും ഇറാന്‍ പറയുന്നു.




