സഊദി ഇന്ത്യൻ എംബസിയിലെ ജനകീയ മുഖം മലയാളി സാന്നിധ്യം എം.ആർ. സജീവ് വിരമിക്കുന്നു

0
934

റിയാദ്: റിയാദ് ഇന്ത്യൻ എംബസി സാമൂഹികക്ഷേമ വിഭാഗം മേധാവി എം.ആർ. സജീവ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. വിദേശ സർവിസിലെ നീണ്ട 38 വർഷത്തെ സേവനങ്ങൾക്കൊടുവിലാണ് ഈ മാസം 30-ന് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിട വാങ്ങുന്നത്. സഊദി പ്രവാസി പ്രശ്നങ്ങളിലെ സജീവ ഇടപെടലുകളിലൂടെ ജനകീയനായി മാറിയ എം.ആർ. സജീവ് പ്രവാസികളുടെ സഹായ കേന്ദ്രം കൂടിയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് കാലത്തിന് തൊട്ട് മുമ്പ് റിയാദിലെത്തി ആദ്യം ഹെഡ് ഓഫ് ചാൻസറിയും പിന്നീട് വെൽഫെയർ വിങ് കോൺസുലറുമായി ചുമതല വഹിച്ച അദ്ദേഹം ഇന്ത്യൻ പ്രവാസികൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട കാലത്ത് പ്രശ്നങ്ങൾ ലഘൂകരിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിനിടെ, അൽപ കാലം റിയാദിൽ അംബാസിഡർ ഇല്ലാതിരുന്ന കാലത്ത് താത്കാലിക ചുമതല നിർവ്വഹിച്ചും ശ്രദ്ധേയനായിരുന്നു. മൂന്ന് വർഷത്തോളം റിയാദിൽ കർമനിരതനായി സത്യുത്യർഹമായ സേവനം നൽകിയാണ് യാത്രയാകുന്നത്. അടുത്ത മാസം ഒന്നിന് അദ്ദേഹം റിയാദിൽനിന്ന് സകുടുംബം സ്വദേശത്തേക്ക് മടങ്ങും.

കോട്ടയം തിരുവഞ്ചൂർ സ്വദേശിയായ അദ്ദേഹം ഇപ്പോൾ പാലക്കാട്ടാണ് സ്ഥിരതാമസം. 1985 ലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ നിയമനം ലഭിക്കുന്നത്. തുടർന്ന് ലോകത്ത് വിവിധയിടങ്ങളിൽ ഇന്ത്യൻ നയതന്ത്രദൗത്യ നിർവഹണത്തിെൻറ ഭാഗമായി. വിയറ്റ്നാം (ഹാനോയ്), ഐവറി കോസ്റ്റ് (അബിജാൻ), ബെലാറസ് (മിൻസ്ക്), ചൈന (ഗാങ്സൗ), ദക്ഷിണാഫ്രിക്ക (പെട്രോഷ്യ), ആസ്ട്രിയ (വിയന്ന), യു.എ.ഇ (അബൂദബി) തുടങ്ങി നിരവധി രാജ്യങ്ങളിൽ വിവിധ പദവികളിൽ സേവനം അനുഷ്ഠിച്ചു. പിന്നീട് അബൂദാബിയിലെ ഇന്ത്യൻ എംബസിയിലായിരിക്കെയാണ് റിയാദിലെത്തുന്നത്.

ഇക്കാലയളവിൽ വിവിധ എംബസികളിലെ സേവനകാലത്ത് പൊളിറ്റിക്കൽ, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, വാണിജ്യം, പാസ്പോർട്ട്, കോൺസുലാർ തുടങ്ങിയ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്ത സേവന പാരമ്പര്യവും ഇദ്ദേഹത്തിന് ഉണ്ട്. റിയാദിലെ ആൾ ഇന്ത്യ സ്റ്റിയറിങ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് റിയാദ് ഡിപ്ലോമാറ്റിക് കോർട്ടറിലെ മൾട്ടി പർപ്പസ് ഹാളിൽ യാത്രയയപ്പ് ചടങ്ങ് ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടക സമിതിയംഗവും സാമൂഹ്യ പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് അറിയിച്ചു.

കൊവിഡ് കാലത്ത് ആളുകളെയും മൃതദേഹങ്ങളും നാട്ടിൽ അയക്കാൻ ഇന്ത്യൻ മിഷെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു. കൂടാതെ, റെസിഡൻറ് പെർമിറ്റ് പുതുക്കാനാവാതെയും ‘ഹുറൂബ്’ എന്ന നിയമകുരുക്കിലായും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ദുരിതത്തിലായ പ്രവാസികൾക്ക് എപ്പോഴും സഹായകമായി ഇദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ ദുരിതത്തിലായ നിരവധി ആളുകൾക്ക് നാടണയാൻ സൗകര്യമൊരുക്കുകയും ഇതിന് മുൻകൈ എടുക്കുന്ന മലയാളി സാമൂഹ്യ പ്രവർത്തകർക്ക് എന്നും സഹായം നൽകുന്നതിലും വേണ്ട നിർദേശങ്ങൾ നൽകുന്നതിലും ഇദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു.

സന്നദ്ധപ്രവർത്തകരെ പരമാവധി പ്രോത്സാഹിപ്പിക്കുകയും അധികാരിയെന്ന നിലയിൽ തനിക്ക് ചെയ്തുകൊടുക്കാൻ കഴിയുന്നത്ര സഹായവും സഹകരണവും അവർക്ക് നൽകുകയും ചെയ്തു. ആവലാതികളുമായി എംബസിയിലെത്തുന്ന സാധാരണക്കാരായ തൊഴിലാളികളെ ചിരി നിറഞ്ഞ മുഖവുമായി എതിരേൽക്കുന്ന അദ്ദേഹം അത്തരം തന്റെ ഔദ്യോഗിക കാലം സമൂഹത്തിന് സാർഥകവും ഗുണപ്രദവുമായ നിലയിൽ ചെലവഴിക്കാനായി എന്ന സംതൃപ്തിയോടെയാണ് വിരമിക്കുന്നത്.

നിഷയാണ് ഭാര്യ. എം.ബി.എ വിദ്യാർഥിനി ദൃശ്യ, ബി.എസ്സി സൈക്കോളജി വിദ്യാർഥിനി ദിവ്യ എന്നിവരാണ് മക്കൾ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക