സുഡാനിൽ നിന്ന് അവസാന ഇന്ത്യക്കാരനെയും ഓപ്പറേഷൻ കാവേരി വഴി നാട്ടിലെത്തിക്കും: മന്ത്രി മുരളീധരൻ

0
843

ജിദ്ദ: സുഡാനിൽ നിന്നും അവസാന ഇന്ത്യക്കാരെയും സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കുന്നതുവരെ ഓപ്പറേഷൻ കാവേരി സേവനം തുടരുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.

ഐഎൻഎസ് സുമേധയിലും സി–130 ജെ വ്യോമസേനാ വിമാനങ്ങളിലുമായാണ് ഇന്ത്യക്കാരെ സുഡാൻ പോർട്ടിൽ നിന്ന് രക്ഷപ്പെടുത്തി ജിദ്ദയിൽ എത്തിക്കുന്നത്. ഇവിടുന്നു വിമാന മാർഗം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ എത്തിക്കും. സുഡാനിൽ ഏതു ഭാഗത്താണെങ്കിലും അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ചു സുരക്ഷിത കരങ്ങളിൽ എത്തിക്കുമെന്നു മന്ത്രി പറഞ്ഞു.

ഉൾപ്രദേശങ്ങളിൽ കഴിയുന്നവർ സുഡാൻ പോർട്ടിൽ എത്തുകയോ ഇന്ത്യൻ എംബസിയുടെ സഹായം തേടുകയോ വേണമെന്നും അഭ്യർഥിച്ചു. പൗരന്മാരെ സുരക്ഷിതരാക്കുക എന്നതു സർക്കാരിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു. കപ്പലിലും വിമാനങ്ങളിലുമായി എത്തിയവരെ സ്വീകരിക്കാൻ രാത്രി വൈകിയും മന്ത്രിയും നയതന്ത്ര പ്രതിനിധികളും എത്തിയിരുന്നു.

യാത്രക്കാരെ കൈപ്പിടിച്ചിറക്കിയും കുശലം ചോദിച്ചും അവിടെ ചെലവഴിച്ച മന്ത്രി ഇവരെ താൽക്കാലിക താമസ കേന്ദ്രത്തിൽ എത്തിക്കുന്നതുവരെ തുടർന്നു. യുദ്ധ ഭൂമിയിൽ നിന്നു സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ച കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രവാസി ഇന്ത്യക്കാർ നന്ദി പറഞ്ഞു. യുദ്ധമുഖത്തു നിന്നു ജീവനുംകൊണ്ട് ഓടിയ പ്രതീതി ജിദ്ദയിൽ എത്തിയവരുടെ മുഖത്ത് പ്രകടമായിരുന്നു.

സുരക്ഷിത കേന്ദ്രത്തിലെത്തിയ സന്തോഷം മന്ത്രിയോടൊപ്പം സെൽഫിയെടുത്ത് പ്രകടിപ്പിച്ചവരും കുറവല്ല. മലയാളികൾ ഉൾപ്പെടെ ഇതുവരെ 817 പേർ ജിദ്ദയിലെത്തി. ഇവരിൽ 360 പേരെ ഇന്നലെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു. ശേഷിച്ചവരെ വിമാനത്തിന്റെ ലഭ്യത അനുസരിച്ച് നാട്ടിൽ എത്തിക്കാനാണു പദ്ധതി.