അബുദാബി: കേരളത്തിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കിയതോടെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു പോകാനാകാതെ 17 കിടപ്പു രോഗികൾ ബുദ്ധിമുട്ടുന്നു.
യുഎഇയിൽ നിന്നു കൊച്ചിയൊഴികെയുള്ള സർവീസുകളാണ് എയർ ഇന്ത്യ നിർത്തലാക്കിയത്. കൊച്ചിയിലേക്കുള്ള ഏക സർവീസിൽ സാങ്കേതിക കാരണം പറഞ്ഞു മാർച്ച് 10 മുതൽ കിടപ്പു രോഗികളെ കൊണ്ടു പോകുന്നുമില്ല.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ചെറിയ വിമാനങ്ങളിൽ കിടപ്പുരോഗികളെ കൊണ്ടു പോകാനുള്ള സൗകര്യമില്ല. സ്വകാര്യ, വിദേശ എയർലൈനുകളെ ആശ്രയിക്കണമെങ്കിൽ ഇരട്ടിയിലേറെ ടിക്കറ്റ് നിരക്ക് നൽകേണ്ടി വരും. പക്ഷാഘാതം വന്ന് അനങ്ങാൻ കഴിയാത്തവർ ഉൾപ്പെടെ ചികിത്സ കാത്തു കഴിയുന്നു.യുഎഇയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിൽ കഴിയുന്നവരാണിവരിൽ ഭൂരിഭാഗവും.
നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകാനുള്ള അവസരമാണ് വിമാന സർവീസ് നിലച്ചതോടെ ഇല്ലാതായതെന്നു സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു.
ദീർഘകാല പരിചരണ വിഭാഗത്തിലേക്കു രോഗിയെ മാറ്റേണ്ടി വന്നാൽ ഇൻഷുറൻസ് പരിധിയിൽ നിൽക്കില്ല. സന്ദർശക, ടൂറിസ്റ്റ് വീസയിലെത്തിയവരും വീസ കാലാവധി കഴിഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യയിൽ കിടപ്പു രോഗികളെ കൊണ്ടു പോയിരുന്നത് 11,000 – 18,000 ദിർഹം നിരക്കിലാണ് (2.25 ലക്ഷം മുതൽ 4 ലക്ഷം രൂപവരെ). അതേസമയം, എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിലാണെങ്കിൽ 30,000 – 59,000 ദിർഹം വരെ (6.72 ലക്ഷം – 13.5 ലക്ഷം) നൽകേണ്ടി വരും.
സാധാരണക്കാരായ രോഗികളെ സംബന്ധിച്ചു താങ്ങാവുന്നതിലപ്പുറമാണ് ഈ ചെലവ്. കിടപ്പു രോഗികളെ കിടത്താനായി കുറഞ്ഞത് 9 സീറ്റുകൾ ഇളക്കി മാറ്റേണ്ടി വരുന്നതാണ് ഈ നിരക്കിന് ആധാരം. മെഡിക്കൽ ഉപകരണങ്ങൾ കൂടി കൊണ്ടുപോകേണ്ടി വരുമ്പോൾ കൂടുതൽ സീറ്റ് മാറ്റേണ്ടിവരും.
അതനുസരിച്ചു നിരക്ക് വീണ്ടും ഉയരും. നിർധന രോഗികളെ എയർ ഇന്ത്യയിൽ നാട്ടിൽ എത്തിക്കുന്നതിനു മുൻകാലങ്ങളിൽ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഇന്ത്യൻ എംബസിയും കോൺസുലേറ്റും തുക അനുവദിച്ചിരുന്നു. എയർ ഇന്ത്യ സേവനം നിലച്ചതോടെ ഈ സഹായത്തിനും കാലതാമസം നേരിടുന്നു. മറ്റു എയർലൈനുകളുടെ കൂടിയ ടിക്കറ്റ് നിരക്ക് കാരണം അനുമതി ലഭിക്കാൻ വൈകുന്നത്.




