യു എ ഇയിൽ ഷോപ്പിംഗ് സമുച്ചയത്തിൽ വൻ തീപിടിത്തം

0
1486

റാസൽഖൈമ: യു എ ഇയിൽ
ഷോപ്പിങ് സമുച്ചയത്തിൽ വൻ തീപിടിത്തം. ആർക്കും പരുക്കില്ല.
റാസൽഖൈമയിലെ എമിറേറ്റ്‌സ് മാർക്കറ്റിൽ ഇന്നലെ (തിങ്കൾ) വൈകിട്ടായിരുന്നു അഗ്നിബാധ. റാസൽഖൈമ സിവിൽ ഡിഫൻസിലെ നാല് അഗ്നിശമന സേനാ സംഘങ്ങൾ തീ നിയന്ത്രണ വിധേയമാക്കി.

അൽ ദഖ്ദഖ, അൽ ജാസിറ അൽ ഹംറ, അൽ റിഫ സ്‌റ്റേഷനുകളിൽ നിന്ന് മൂന്ന് ഫയർഫോഴ്‌സ് ടീമുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി റാസൽഖൈമ സിവിൽ ഡിഫൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അബ്ദുല്ല അൽ സഅബി പറഞ്ഞു. റാസൽഖൈമ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഹമദ് സൽമീന്റെ നേതൃത്വത്തിലുള്ള സംഘം നാല് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തി. തീ അണയ്ക്കാൻ ഒരു മണിക്കൂറെടുത്തു.  

തീപിടിത്തത്തിന്റെ കാരണങ്ങൾ ഇതുവരെ അറിവായിട്ടില്ലെന്നും സ്ഥലം പരിശോധനയ്ക്കായി കൈമാറിയതായും അൽ സഅബി അറിയിച്ചു. ഇൗ ഭാഗത്ത് ട്രാഫിക് വഴിതിരിച്ചുവിട്ടതായി റാക് പൊലീസ് രാത്രി 10 മണിയോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച അറിയിപ്പിൽ പറഞ്ഞു. തീപിടിത്തത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ആളുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.  മുഹമ്മദ് ബിൻ സാലെം റോഡ് പതിവായി ഉപയോഗിക്കുന്നവർ മറ്റു വഴികൾ ഉപയോഗിക്കണമെന്ന് അറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് ഈ നടപടിയെന്നും വ്യക്തമാക്കി.