റിയാദ്: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് വിദേശ തീർഥാടകർ ദാരുണമായി മരിച്ചു. പാകിസ്ഥാൻ തീർഥാടകരാണ് മരണപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് മരണപ്പെട്ടവർ. ഒമ്പത് പാകിസ്ഥാൻ ഉംറ തീർത്ഥാടകർക്ക് ജീവൻ നഷ്ടപ്പെട്ടതായി പാകിസ്ഥാൻ ആസ്ഥാനമായുള്ള ARY ന്യൂസ് ബുധനാഴ്ച രാത്രി റിപ്പോർട്ട് ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റോഡപകടത്തിൽ ഒമ്പത് പാകിസ്ഥാൻ പൗരന്മാർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉംറ നിർവഹിച്ച് മദീനയിൽ നിന്ന് റിയാദിലേക്ക് പോകുകയായിരുന്ന പാകിസ്ഥാൻ തീർഥാടക സംഘം അൽ ഖസീം ഏരിയയ്ക്ക് സമീപമാണ് ദാരുണമായ അപകടത്തിൽ പെട്ടതെന്ന് ARY ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നങ്കന സാഹിബിന്റെ സമീപ ഗ്രാമങ്ങളായ ഇസ്ലാംനഗർ, ചാക് 18 എന്നിവിടങ്ങളിലുള്ളവരാണ് മരണപ്പെട്ടത്. സന്ദർശന വിസയിൽ സഊദി അറേബ്യയിലെത്തിയതായിരുന്നു ഇവർ.
അടുത്തിടെ സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ബസ് തകർന്ന് 20 ഉംറ തീർത്ഥാടകർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബസ് പാലത്തിലിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അസീർ പ്രവിശ്യയും അബഹ നഗരവും ചേരുന്ന റോഡിലാണ് ബ്രേക്ക് തകരാറിനെ തുടർന്ന് അപകടമുണ്ടായത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




