സുഡാനിൽ നിന്ന് ഇന്ത്യക്കാരെ സഊദി വഴി ഒഴിപ്പിക്കുന്നു

0
1920

ജിദ്ദയിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കി, ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സഊദി അറേബ്യ വഴി. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഒഴിപ്പിക്കുന്നത്. ഇതിനായി സേനയുടെ ആദ്യ വിമാനം ദൽഹിയിൽനിന്ന് ജിദ്ദ ലക്ഷ്യമാക്കി പുറപ്പെട്ടുവെന്നാണ് വിവരം. ജിദ്ദയിൽ ഇറങ്ങുന്ന ഈ വിമാനമാണ് സുഡാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം സുഡാനിൽനിന്ന് ഇന്ത്യൻ എംബസി അധികൃതരുടെ നിർദ്ദേശം അനുസരിച്ച് ജിദ്ദയിൽ നിന്ന് സുഡാനിലേക്ക് തിരിക്കുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അക്രമബാധിതരായ സുഡാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും സുരക്ഷയും ഉറപ്പാക്കാൻ യുഎസ്, യുകെ, സഊദി അറേബ്യ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളുമായി ഇന്ത്യ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ ബുധനാഴ്ച അറിയിച്ചു. സുഡാനിലെ സ്ഥിതി വളരെ സങ്കീർണ്ണമാണെന്നും ഈ ഘട്ടത്തിൽ ആളുകളുടെ സഞ്ചാരം വളരെ അപകടകരമാണെന്നും വൃത്തങ്ങൾ പറഞ്ഞു.

സുഡാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ സഊദി അറേബ്യയിലെയും യുണൈറ്റഡ് അറബ് എമിറേറ്റുകളിലെയും (യുഎഇ) വിദേശകാര്യ മന്ത്രിമാരുമായി ഇതിനകം ചർച്ച ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി പ്രായോഗിക പിന്തുണ ഈ രാജ്യങ്ങൾ ഇന്ത്യക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ സുഡാനിൽ മുവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കുകൾ. ഇവരെ വ്യോമസേനയുടെ വിമാനത്തിൽ ജിദ്ദയിൽ എത്തിക്കുകയാണ് ആദ്യ ഘട്ടം. പിന്നീട് ഇവിടെ നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകും. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാർക്ക് ജിദ്ദ ഇന്ത്യൻ എംബസി സ്‌കൂളിലാണ് താമസ സൗകര്യം ഏർപ്പെടുത്തുന്നത്. പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ ഗൾഫ് രാജ്യങ്ങളിലെ എംബസികളിലെയും കോൺസുലേറ്റുകളിലെയും ഉദ്യോഗസ്ഥരോട് ജിദ്ദയിലെത്താനും നിർദ്ദേശിച്ചു. ജിദ്ദയിലെ ഹോട്ടലിൽ ഇവർക്കായി 150 മുറികളും ബുക്ക് ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്നലെ ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറും സഊദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും സുഡാൻ പ്രതിസന്ധി സംബന്ധിച്ച് ടെലഫോൺ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് സഊദി വഴി ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള പദ്ധതി ഉരുത്തിരിഞ്ഞത്. സംഘർഷം കൂടുതൽ രൂക്ഷമാകാതെ നോക്കേണ്ടതിന്റെയും നേരത്തെ ഒപ്പുവെച്ച ഫ്രെയിംവർക്ക് ഉടമ്പടിയിലേക്ക് മടങ്ങേണ്ടതിന്റെയും പ്രാധാന്യം ഇരു നേതാക്കളും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാർ അടക്കമുള്ളവർ ഭീഷണിയിലാണ്. സുഡാനിലെ ഇന്ത്യൻ പൗരൻമാരോട് പുറത്തിറങ്ങരുതെന്ന് സുഡാൻ ഇന്ത്യൻ എംബസി നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ആദ്യ ദിവസം തന്നെ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക