താമരശ്ശേരിയിലെ തട്ടികൊണ്ട് പോകൽ: പിന്നിൽ സഹോദരനെന്ന് ഷാഫിയുടെ പുതിയ വീഡിയോ

0
1211

കോഴിക്കോട്: താമരശ്ശേരിയില്‍ പരപ്പന്‍പൊയിലില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ രണ്ടാമത്തെ വീഡിയോ പുറത്ത്. സഹോദരന്‍ നൗഫലാണ് തട്ടിക്കൊണ്ടു പോയതെന്ന് ഷാഫി വീഡിയോയില്‍ ആരോപിക്കുന്നു.

ഇസ്ലാം മതവിശ്വാസ പ്രകാരം പെണ്‍കുട്ടികളുള്ളവര്‍ മരണപ്പെട്ടാല്‍ സ്വത്ത് മുഴുവന്‍ സഹോദരന് ലഭിക്കുമെന്നും ഇതിനു വേണ്ടി സഹോദരന്‍ നൗഫല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ഷാഫിയുടെ ആരോപണം. നൗഫലിനെ ശ്രദ്ധിക്കണമെന്ന് പിതാവ് നേരത്തെ തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഷാഫി പരാമര്‍ശിക്കുന്നുണ്ട്.

വീഡിയോയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്. വീഡിയോ ചിത്രീകരിച്ചതാരാണെന്നും ഇതിനു പിന്നിലെ ഉദ്ദേശവും പോലീസ് അന്വേഷിക്കുകയാണ്. തട്ടിക്കൊണ്ടു പോയ സംഘം തന്നെ ഷാഫിയെ കൊണ്ട് ഇത്തരത്തില്‍ വീഡിയോകള്‍ ചെയ്യിക്കുന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവിലെ അന്വേഷണത്തെ വഴി തിരിച്ചു വിടാനുള്ള ശ്രമമാകാമിതെന്ന് പോലീസ് സംശയിക്കുന്നു.

ഇതിനു മുമ്പ് പുറത്തു വിട്ട വീഡിയോയില്‍ 80 കോടി രൂപയുടെ സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും എത്രയുംവേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നുമാണ് ഷാഫി വീഡിയോയില്‍ പറയുന്നത്. അതേസമയം, തന്നെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ എവിടെയാണുള്ളതെന്നോ ഷാഫി വീഡിയോയില്‍ പറയുന്നില്ല.

ഏപ്രില്‍ ഏഴാം തീയതി രാത്രിയാണ് താമരശ്ശേരി പരപ്പന്‍പോയില്‍ സ്വദേശി മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സനിയയെ പിന്നീട് റോഡില്‍ ഇറക്കിവിടുകയായിരുന്നു. എന്നാൽ രണ്ടാമത്തെ വീഡിയോ പുറത്തുവന്നിട്ടും ഷാഫി എവിടെയാണെന്നതിനെ കുറിച്ച് പൊലീസിനൊരു വിവരവും ലഭിച്ചിട്ടില്ല. കർണാടകയിലെ ഒരിടത്താണ് ഷാഫിയെ പാർപ്പിച്ചിട്ടുള്ളതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനിടെ, ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ വയനാട് മാനന്താവാടിയിൽ നിന്നും മൂന്നു പേരെ കാസർകോട് മഞ്ചേശ്വരത്തു നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

മാനന്തവാടിയിൽനിന്ന് കസ്റ്റഡിയിലെടുത്തയാളെ താമരശേരി ഡിവൈ.എസ്.പി ഓഫീസിൽ ചോദ്യംചെയ്യുകയാണ്. കാസർകോട്ടു നിന്ന് കസ്റ്റഡിയിലെടുത്തവരെ രാത്രിയോടെ താമരശേരിയിലെത്തിക്കും. കാർ കാസർഗോഡ് നിന്ന് കണ്ടെത്തുകയും പിന്നീട് ഇത് വാടകയ്ക്ക് നൽകിയ ആളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.