വീഴ്ചയെ തുടർന്ന് ഇടത് തുടയെല്ലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് അൽമന ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു
റിയാദ്: വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന, ബീഹാർ ഷേഖ്‌പുര സ്വദേശി ഷേഖ് ഖുർഷിദ് ആലത്തിന്റെ ഭാര്യ നൂർജഹാൻ ഖാത്തൂൻ (78) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. കഴിഞ്ഞ ഡിസംബറിൽ വീഴ്ചയെ തുടർന്ന് ഇടത് തുടയെല്ലിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് അൽമന ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
ഡോക്ടർമാർ രണ്ടു മാസം വിശ്രമവും ഫിസിയോ തെറാപ്പിയും നിർദേശിച്ചിരുന്നു. എന്നാൽ ഇന്നലെ അസുഖം മൂർച്ഛിക്കുകയും ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണപ്പെടുകയുമായിരുന്നു. സന്ദർശക വിസയിൽ സഊദിയിൽ എത്തിയതായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




