സ്വീകരണം നൽകാൻ അറാറിലെ മലയാളി സംഘടനകൾ ഒരുങ്ങുന്നു
റിയാദ്: കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ലക്ഷ്യത്തിലേക്ക് അടുക്കുന്നു. നിലവിൽ ഇറാഖിൽ നിന്ന് തിരിച്ച ശിഹാബ് സഊദി അതിർത്തി ലക്ഷ്യമാക്കി നടത്തം തുടരുകയാണ്. നേരത്തെ ഇറാഖിൽ നിന്ന് കുവൈത്തിലെത്തി അവിടെ നിന്ന് സഊദിയിലേക്ക് കടക്കാൻ ആയിരുന്നു പദ്ധതി. എന്നാൽ ഇപ്പോൾ നേരിട്ട് ഇറാഖിൽ നിന്ന് സഊദിയിലേക്ക് കടക്കാനാണ് പ്ലാൻ. ഇറാഖിൽ നിന്ന് ഫേസ്ബുക്കിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിലാണ് ശിഹാബ് അവിടെ നിന്ന് നേരിട്ട് സഊദിയിലേക്ക് കടക്കാനുള്ള വഴി തെളിഞ്ഞതായി അറിയിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇറാഖിൽ നിന്ന് കുവൈത്ത്- ബസറ വഴിയാണ് ശിഹാബ് സഊദിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ കുവൈത്ത് ഒഴിവാക്കി നേരെ സഊദി ബോർഡറിലേക്ക് പോകാനാകുമെന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശമാണ് പുതിയ എളുപ്പ വഴി തിരഞ്ഞെടുക്കാൻ കാരണമായതെന്ന് ശിഹാബ് പറഞ്ഞു. ഇറാഖിലെ ബാഗ്ദാദിൽ എത്തിയപ്പോൾ, അറാർ എന്ന അതിർത്തി വഴി പോയാൽ കുവൈത്ത് കടക്കാതെ നേരെ സഊദിയിലേക്ക് എത്താമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതനുസരിച്ചാണ് പുതിയ വഴിയിലൂടെയുള്ള യാത്രയെന്നും ശിഹാബ് പറഞ്ഞു.
‘800 കി.മീ കൂടുതൽ നടക്കേണ്ട ആവശ്യമില്ലെന്നും 1900 കി.മീ താണ്ടിയാൽ മദീനയിലേക്ക് എത്താമെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള അനുമതിക്കായി എ.പി അബൂബക്കർ ഉസ്താദ് ഉൾപ്പെടെയുള്ളവർ ഇടപെട്ട് അറാറിൽ മലയാളികളെ എത്തിക്കുകയും വിസയടക്കം സമർപ്പിച്ച് അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരുമായും ഇറാഖ് സൈനികരുമായും അതിർത്തി സേനയുമായും സംസാരിക്കുകയും ചെയ്തു. ആ യാത്രയ്ക്ക് സമ്മതമാണെന്ന് അവർ അറിയിക്കുകയും ചെയ്തു’ ശിഹാബ് വെളിപ്പെടുത്തി.
ഇന്നലെ സൈനിക ക്യാമ്പിലാണ് നിന്നതെന്നും ഇനിയുമങ്ങോട്ട് മിലിട്ടറി ക്യാമ്പുകളിലാണ് നിൽക്കാനുള്ളതെന്നും ശിഹാബ് പറഞ്ഞു. അവസാനത്തെ പട്ടണവും കടന്നതായും ഇനിയങ്ങോട്ട് മരുഭൂമിയാണെന്നും ശിഹാബ് ചൂണ്ടിക്കാട്ടി. ഇറാഖിന്റെ അതിർത്തിയിലേക്ക് നടന്നുകൊണ്ടിരിക്കുകയാണെന്നും 320ഓളം കി.മീ നടന്നാൽ സഊദിയുടെ അതിർത്തിയായ അറാറിലെത്തുമെന്നും പിന്നീട് അവിടുന്ന് മദീനയിലേക്ക് 1049 കി.മീ മാത്രമാണെന്നും ശിഹാബ് ചോറ്റൂർ വ്യക്തമാക്കി. നേരത്തെ പഞ്ചാബിൽ പാകിസ്ഥാൻ വിസയും കാത്ത് അപ്രതീക്ഷിതമായി കൂടുതൽ ദിവസം കാത്ത് നിൽക്കേണ്ടി വന്നത് യാത്രയെ ബാധിക്കുമെന്നും ഉദ്ദേശിച്ച സമയത്ത് സഊദിയിൽ എത്താൻ കഴിയില്ലെന്നും കരുതിയിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാ വഴികളും എളുപ്പമായി വരികയാണെന്നും അധികം താമസിയാതെ പ്രവാചക മണ്ണിൽ കാൽ കുത്താൻ സാധിക്കുമെന്നും ശിഹാബ് വീഡിയോയിൽ പറഞ്ഞു വെക്കുന്നു.
നാല് മാസത്തോളം പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്താനിലേക്ക് കടന്നത്. അതിർത്തി കടക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഈ വേളയിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ‘താങ്ക്‌യൂ ഇന്ത്യ’ എന്നായിരുന്നു ശിഹാബിന്റെ മറുപടി.’അൽഹംദുലില്ലാഹ്, പാകിസ്താനിലെത്തി’ എന്ന കുറിപ്പോടെ പാകിസ്താനിലെത്തിയ ശേഷമുള്ള ചിത്രം ശിഹാബിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു.
പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളം അമൃത്സറിലെ ആഫിയ കിഡ്സ് സ്‌കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്. ഫെബ്രുവരി അഞ്ചിനാണ് പാകിസ്താൻ വിസ നൽകിയത്. കഴിഞ്ഞ ജൂൺ മൂന്നിനാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍ നിന്ന് ശിഹാബ് കാൽനട ഹജ്ജ് യാത്ര ആരംഭിച്ചത്
2022 ജൂൺ 2 ന് അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയ ശിഹാബിന്റെ ആദ്യ ലക്ഷ്യം, 74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിർത്തിയിലൂടെ പാകിസ്താനിൽ എത്തുകയായിരുന്നു. എട്ട് മാസം കൊണ്ട് വിവിധ രാജ്യങ്ങൾ താണ്ടി ലക്ഷ്യം പൂർത്തീകരിക്കാമെന്നായിരുന്നു അന്ന് ശിഹാബിന്റെ കണക്ക് കൂട്ടൽ.
2023 ലെ ഹജ്ജിനാണ് എത്തിച്ചേരാനാണ് ശിഹാബ് ലക്ഷ്യമിടുന്നത്. സൃഷ്ടാവിന്റെ പ്രീതി കാംക്ഷിച്ചും സാംസ്കാരിക വൈവിധ്യങ്ങളും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചും സൃഷ്ടിപ്പിന്റെ അത്ഭുതങ്ങൾ കണ്ടും ഉള്ളതാണ് യാത്ര. പാകിസ്ഥാൻ കൂടാതെ, ഇറാൻ, ഇറാഖ്, കുവൈറ്റ്, സഊദി അറേബ്യ എന്നീ രാജ്യ ങ്ങളിലൂടെയാണ് നടന്നുപോകാനായിരുന്നു പ്ലാൻ. എന്നാൽ, ഇപ്പോൾ ഇതിൽ നിന്ന് കുവൈറ്റ് ഒഴിവാക്കുകയാണ്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ശിഹാബിന് യൂ ട്യൂബ് ചാനലുമുണ്ട്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി – സൈനബ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്. ശബ്നയാണ് ഭാര്യ. മുഅ്മിനസൈനബ് മകളാണ്.
ഗതാഗത സൗകര്യം കുറവായിരുന്ന ആദ്യ കാലങ്ങളിൽ കാൽനടയായി ഹജ്ജിന് പോയിരുന്ന സ്ത്രീകൾ ഉൾപ്പെടെ കഥകളാണ് ഷിഹാബിനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. ആഗ്രഹം അറിയിച്ചപ്പോൾ വലിയ പ്രോത്സാഹനം നൽകിയത് ഉമ്മയായിരുന്നുവെന്നും ശിഹാബ് ചൂണ്ടിക്കാട്ടുന്നു. കൂട്ടുകാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പ്രോത്സാഹനമായപ്പോൾ ആഗ്രഹത്തിന് വേഗതയേറി. ഇനി ലക്ഷ്യം നേടാനുള്ള ഉറച്ച കാൽവെപ്പുകൾക്ക് കൂടുതൽ ശക്തി പകരാൻ പ്രാർത്ഥനകളാണ് ആവശ്യം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




