ജിദ്ദയിൽ സഊദി ഇന്ത്യൻ അസോസിയേഷൻ കൂട്ടായ്മ നിലവിൽ വന്നു

ജിദ്ദ: സഊദിയിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം മുഖ്യ ലക്ഷ്യമാക്കി സഊദി ഇന്ത്യൻ അസോസിയേഷൻ എന്ന പേരിൽ ഒരു പുതിയ സംഘടന രൂപീകരിച്ചതായി ഭാരവാഹികൾ ജിദ്ദയിൽ വാർത്ത സമ്മേളത്തിൽ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക മേഖലകളിൽ കൂടുതൽ ഇടപെടലുകൾ ആവശ്യമായ ഇന്നത്തെ സാഹചര്യത്തിൽ സഊദിയിലെ ഇന്ത്യൻ പ്രവാസികളിൽ എല്ലാ വിഭാഗം ജനങ്ങളെയും അവരവരുടെ മത – രാഷ്ട്രീയ – ജാതി – വർഗ വ്യത്യസ്തതകൾ നിലനിർത്തി അവരെ ഒരു കുടക്കീഴിൽ കൊണ്ട് വരിക, പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കൃത്യമായി അഭിമുഖീകരിക്കുക, സാമ്പത്തിക മേഖലയിൽ സുസ്ഥിരത ഉണ്ടാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളും കണ്ടെത്തുക, അവരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുക, നിയമ പരമായ പരിരക്ഷ ഉറപ്പ് വരുത്തുക, ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവയെ സാധാരണക്കാർക്ക് കൂടുതൽ പ്രാപ്യമാക്കുന്ന രൂപത്തിൽ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുക, സഊദിയിലെ തൊഴിൽ നിയമങ്ങളെക്കുറിച്ച് പ്രവാസികളെ ബോധവാന്മാരാക്കുക തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവർത്തിക്കുക എന്നും ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ കുറേ മാസങ്ങളായി വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കി പ്രവാസികൾക്ക് വേണ്ടി കുറേ അധികം കാര്യങ്ങൾ ചെയ്തതിന് ശേഷമാണ് അതിലെ മെമ്പർമാർ ഒരു സംഘടന സംവിധാനത്തേക്കുറച്ചു ആലോചിച്ചതെന്ന് സഊദി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ നാസർ വെളിയംകോട് പറഞ്ഞു. ഈ സംഘടനക്ക് നേതൃത്വം കൊടുക്കുന്നവർ ജിദ്ദയുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തും കലാ സാംസ്‌കാരിക രംഗത്തും ജീവ കാരുണ്യ മേഖലയിലും പതിറ്റാണ്ടുകൾ പാരമ്പര്യം ഉള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോകുന്ന സംഘടനയിൽ മലയാളികൾ അല്ലാത്തവരെയും വൈകാതെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാൻ സ്വയം മുന്നോട്ട് വന്നവരാണ് സംഘടനയിൽ ഉള്ളവരെന്ന് സഊദി ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. വിനീത പിള്ള പറഞ്ഞു. സംഘടനയെ മുഴുവൻ ഇന്ത്യൻ പ്രവാസികളുടെയും ഒരു പൊതു വേദിയായി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു.

ഷറഫിയ്യ ഇമ്പീരിയൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ നാസർ വെളിയംകോട്, ഡോ. വിനീത പിള്ള, വിജേഷ് ചന്ദ്രു, ഹിജാസ് കളരിക്കൽ, റസാഖ്‌ ആലുങ്ങൽ, ഉനൈസ് തിരൂർ, യു. എം ഹുസൈൻ മലപ്പുറം, സുരേഷ് പടിയം, കെ. പി ഉമ്മർ മങ്കട, ശ്യംരാജൻ, അബ്ബാസ് പെരിന്തൽമണ്ണ എന്നിവർ പങ്കെടുത്തു.