ജിദ്ദയിൽ അനധികൃത കയ്യേറ്റം; രാജകുടുംബാംഗങ്ങളും മുൻമന്ത്രിമാരും കൈവശപ്പെടുത്തിയ സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചു

0
2219

ജിദ്ദ: ജിദ്ദയിൽ രാജകുടുംബാംഗങ്ങളും മുൻമന്ത്രിമാരും വ്യവസായ പ്രമുഖരും കൈവശപ്പെടുത്തിയ സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചു.

സൗദി സുപ്രീം കോടതി ജിദ്ദ കോർണീഷിലെ നൂറ്റിപത്തോളം ഭൂമികളുടെ പട്ടയം ക്യാൻസൽ ചെയ്ത് അന്തിമ വിധി പുറപ്പെടുവിച്ചതോടെയാണ് ഒഴിപ്പിക്കൽ നടപടിയാരംഭിച്ചത്. ജിദ്ദ കോർണിഷിൽ 110 റിയൽ എസ്‌റ്റേറ്റുകളുടെ പട്ടയവും ഉടമസ്ഥാവകാശവും റദ്ദാക്കി സൗദി സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു.

രാജകുടുംബാംഗങ്ങളും ഉന്നത വ്യവസായികളും മുൻമന്ത്രിമാരും നിയമ വിരുദ്ധമായി കൈവശം വെച്ചു വരുന്നവയോ സർക്കാർ ഡിപ്പാർട്ടുമെന്റുകൾ നിലനിൽക്കുന്നവയോ ആണ് ഉടമസ്ഥാവകാശം റദ്ദാക്കിയ ഭൂമികളെല്ലാം. അബദ്ധവശാൽ ഇത്തരം സ്ഥലങ്ങൾ വിലയ്ക്കു വാങ്ങി കൈവശം വെച്ചവർക്ക് പ്രതിസന്ധിയുണ്ടാകാത്ത തരത്തിലാണ് കോടതി വിധി.

കോർണിഷിൽ കാലങ്ങളായി നടന്ന റിയൽ എസ്‌റ്റേറ്റ് ഇടപാടുകളുടെ രേഖകളും പട്ടയങ്ങളും രണ്ടു വർഷമെടുത്ത് വിശദമായി പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതി വിധി. കോർണിഷിലെ നിരവധി ഭൂമിയിടപാടുകളെ കുറിച്ചും അവയുടെ പട്ടയങ്ങളെ കുറിച്ചും പരിശോധനകൾ നടന്നു വരികയാണെന്നും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്ന് കണ്ടെത്തിയാൽ അവയ്ക്കും ഇതേ വിധി തന്നെയായിരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിൽ പറയുന്നു.